മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; അഞ്ച് മാസം കഴിഞ്ഞിട്ടും ബില്ലുകളിൽ വിശദീകരണം നൽകിയില്ല
text_fieldsന്യൂഡൽഹി: ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ വിശദീകരണം തേടിയിട്ടും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് ഗവർണർ പറഞ്ഞു.
അഞ്ച് മാസം മുമ്പാണ് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകേണ്ടതില്ല. ഇക്കാര്യത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താൻ സാധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കെ.ടി.യു വിസി നിയമനത്തിൽ താൻ നിയമോപദേശം തേടിയിട്ടില്ല. ഡോ. സിസ തോമസിന്‍റെ നിയമനം സംബന്ധിച്ച് കോടതിയിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ആവശ്യമുള്ളവർക്ക് കോടതിയെ സമീപിക്കാം. അതേസമയം, ഇക്കാര്യത്തിൽ താൻ കോടതിയെ സമീപിക്കില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് അനുമതി കാത്ത് ഗവർണറുടെ മുമ്പിലുള്ളത്. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നാണ് ഗവർണറുടെ വിശദീകരണം.
സംസ്ഥാനത്തിന്‍റെയും നിയമസഭയുടെയും അധികാരപരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പുവെക്കുന്നതിലെ പ്രയാസവും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

