ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാരം തരംതാഴ്ന്നതും ക്രൂരവും- കെ.സി. വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സര്‍ക്കാര്‍ നടപടി അധികാര ധാര്‍ഷ്ട്യമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ആശാപ്രവര്‍ത്തകരോട് പക പോകുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണ്.കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണ്.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായുള്ള അനീതി തുടരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് തുടര്‍ന്നും നല്‍കും. 146 പേരുടെ ഫെബ്രുവരി മാസത്തിലെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ നടപടിയുണ്ടായിട്ടുണ്ട്. സമരക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

