മന്ത്രിയുടെ മൊഴി എതിരായിട്ടും അജിത്കുമാറിന് സർക്കാറിന്റെ കരുതൽ
text_fieldsതിരുവനന്തപുരം: മറ്റൊരു പൂരത്തിന് കൊടിയേറുമ്പോഴും കഴിഞ്ഞവർഷത്തെ പൂരം അലങ്കോലമാക്കിയതിനുപിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പങ്ക് സംബന്ധിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണുന്നില്ല. ഡി.ജി.പി ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയാക്കുകയോ ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല.
ഇതിനിടെയാണ് മന്ത്രി കെ. രാജൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്തുവന്നത്. ഇതോടെ, പൂരംകലക്കൽ ചർച്ച വീണ്ടും സജീവമായി. അതേസമയം, മന്ത്രിയുടെ മൊഴി എതിരായിട്ടും അജിത്കുമാറിന് സർക്കാറിന്റെ കരുതലാണെന്നാണ് ആക്ഷേപം.
അജിത്കുമാറിനെതിരെ മുൻ എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങളിൽ ത്രിതല അന്വേഷണമായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിച്ചെങ്കിലും ഡി.ജി.പി നേരിട്ട് നടത്തുന്ന അന്വേഷണ റിപ്പോർട്ടാണ് ഇതുവരെ സമർപ്പിക്കാത്തത്.
ഡി.ജി.പി അടുത്തമാസം അവസാനം വിരമിക്കുകയാണ്. അതിനുമുമ്പ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പൂരത്തിന്റെ തലേദിവസം മന്ത്രിയുടെ മൊഴി പുറത്തുവരുന്നത്. അന്വേഷണ സംഘത്തിന് നൽകിയ രഹസ്യമൊഴി പുറത്തുവരുന്നതിലെ ദുരൂഹത സംബന്ധിച്ച് മന്ത്രി രാജൻ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് വീഴ്ചപറ്റിയെന്ന തരത്തിലായിരുന്നു പൊലീസ് മേധാവി നൽകിയ ആദ്യ റിപ്പോർട്ട്. പൂരം തടസ്സപ്പെട്ടപ്പോൾ പലതവണ എ.ഡി.ജി.പിയെ ഔദ്യോഗിക ഫോണിലേക്കും പേഴ്സനൽ നമ്പറിലേക്കും വിളിച്ചെങ്കിലും എടുത്തില്ലെന്നും മന്ത്രി നൽകിയ മൊഴിയാണ് പുറത്തുവന്നത്.
അടുത്തമാസം അവസാനം പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ഷെയ്ഖ് ദർവേശ് സാഹിബ് വിരമിക്കുന്നതിനാൽ അതിനുമുമ്പ് അന്തിമ റിപ്പോർട്ട് സർക്കാറിന് കൈമാറിയേക്കും. എന്നാൽ, ഇതുവരെ അജിത്കുമാറിന്റെ മൊഴിയെടുത്തിട്ടില്ല. അജിത്കുമാറിൽനിന്ന് മൊഴിയെടുത്താൽ മാത്രമേ അന്തിമ റിപ്പോർട്ട് തയാറാക്കാനാവൂ.
പൂരംകലക്കൽ സംബന്ധിച്ച് സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും പാർട്ടിക്ക് കാര്യമൊന്നുമില്ലെന്നായിരുന്നു സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് നിലമൊരുക്കാനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പൂരംകലക്കലെന്ന സൂചനയായിരുന്നു സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ തുടക്കംമുതൽ ഉന്നയിച്ച ആരോപണം.
മന്ത്രിയുടെ മൊഴി ഗൗരവത്തിലെടുക്കണമെന്നും പൂരം കലക്കലിൽ എന്തുകൊണ്ടാണ് എ.ഡി.ജി.പിയുടെ പേരുവന്നതെന്ന് സർക്കാർ പരിശോധിക്കണമെന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എ.ഡി.ജി.പിക്കെതിരായ മൊഴിയിൽ റിപ്പോർട്ട് പരിശോധിച്ചശേഷമേ നിലപാട് വ്യക്തമാക്കാനാകൂവെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

