സർക്കാറിന്റെ യു.ജി.സി ‘വിരുദ്ധ’ കൺവെൻഷൻ; ഇടഞ്ഞ് ഗവർണർ; തിരുത്തി സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർവകലാശാലകളിൽ കേന്ദ്രസർക്കാറിന് പിടിമുറുക്കാൻ വഴിയൊരുക്കുന്ന യു.ജി.സി കരട് റെഗുലേഷനെതിരെ സംസ്ഥാന സർക്കാർ വ്യാഴാഴ്ച നടത്തുന്ന ദേശീയ കൺവെന്ഷൻ നടത്തിപ്പിൽ ഇടഞ്ഞ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ.
കൺവെൻഷനിൽ സർവകലാശാല ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കാൻ നിർദേശിച്ചുള്ള ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിക്കുകയും തിരുത്തലിന് നിർദേശിക്കുകയും ചെയ്തു.
‘യു.ജി.സി കരട് റെഗുലേഷനെതിരെ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ’ എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കത്തിൽ രേഖപ്പെടുത്തിയിരുന്നത്. ‘എതിരെയുള്ള കൺവെൻഷൻ’ എന്നത് തിരുത്തണമെന്നായിരുന്നു രാജ്ഭവൻ നിലപാട്. ഗവർണറുടെ എതിർപ്പ് മുൻനിർത്തി മുഖ്യമന്ത്രി നൽകിയ നിർദേശത്തെ തുടർന്ന് ‘യു.ജി.സി കരട് റെഗുലേഷൻ സംബന്ധിച്ചുള്ള ദേശീയ കൺവെൻഷൻ’ എന്ന രീതിയിൽ ബുധനാഴ്ച രാത്രിയോടെ കത്ത് തിരുത്തി പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ ഗവർണർ വിളിപ്പിക്കുകയും ചെയ്തിരുന്നു. യു.ജി.സിക്കെതിരായ കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ ഉപദേശം തേടി കേരള സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. കൺവെൻഷൻ സർവകലാശാലകളുടെ ഉപരിസംവിധാനമായ യു.ജി.സിക്കെതിരെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
രാജ്ഭവനിൽ നിന്നുള്ള അനൗദ്യോഗിക നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം വി.സിമാരും വ്യാഴാഴ്ച നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാല വി.സിമാർ കൺവെൻഷനെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.
കൺവെൻഷനിലേക്ക് ക്ഷണിച്ച് സർവകലാശാല വൈസ്ചാൻസലർമാർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി അയച്ച കത്തിൽ യു.ജി.സി കരട് റെഗുലേഷൻ സംബന്ധിച്ച പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനുള്ള കൺവെൻഷനെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, പരിപാടിയിലേക്ക് വിവിധ സർവകലാശാലകളിൽ നിന്ന് നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിക്കാനും അവരുടെ ചെലവ് വഹിക്കാനും നിർദേശിച്ച് സർവകലാശാല രജിസ്ട്രാർമാർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപന മേധാവികൾക്കും നൽകിയ കത്തിലാണ് ഗവർണറുടെ ഇടപെടൽ.
പുതിയ ഗവർണറുമായി സർക്കാർ നല്ല ബന്ധം സ്ഥാപിച്ചുവരുന്നതിനിടെയാണ് കേന്ദ്രസർക്കാറിനും യു.ജി.സിക്കുമെതിരായ കൺവെൻഷൻ സംബന്ധിച്ച കത്തിൽ തിരുത്തൽ ആവശ്യപ്പെടുന്നതും സർക്കാർ വഴങ്ങുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

