പ്രവാസി മിഷനുമായി സർക്കാർ; മാർഗരേഖ ഉടന്‍
text_fieldsതിരുവനന്തപുരം: പ്രവാസി മിഷൻ രൂപവത്കരണ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. തിരിച്ചെത്തുന്ന പ്രവാസികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് മുഖ്യലക്ഷ്യം. നിലവിലുള്ള പുനരധിവാസ/പുനഃസംയോജന ശ്രമങ്ങളെ ഏകീകരിക്കാനും വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നാലാം ലോകകേരള സഭയിൽ ഉയർന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ പ്രവാസി മിഷൻ രൂപവത്കരിക്കാൻ തീരുമാനിച്ചത്. പദ്ധതിക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. മിഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച മാർഗരേഖ ഉടന്‍ പുറപ്പെടുവിക്കും. ഈ സാമ്പത്തിക വർഷംതന്നെ പദ്ധതി നടപ്പാക്കാനാണ് നീക്കം.
25 ലക്ഷത്തോളം മലയാളികൾ പ്രവാസികളായുണ്ടെന്നാണ് 2023ലെ കേരള മൈഗ്രേഷൻ സർവേ വ്യക്തമാക്കുന്നത്. ഇതിൽ 11 ശതമാനം വിദ്യാർഥികളാണ്. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നൈപുണ്യ പരിശീലനമടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ അവരുടെ തൊഴിൽ പരിചയം കേരളത്തിലെ തൊഴിൽ മേഖലക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
മിഷന്റെ പ്രധാനലക്ഷ്യങ്ങൾ
• പ്രവാസികളുടെ സാമ്പത്തിക പുനഃസംയോജനം സാധ്യമാക്കുക
• പ്രവാസി പുനരധിവാസത്തിൽ വകുപ്പുകളുടെ ഏകോപനം
• സംരംഭകത്വം പ്രോത്സാഹിപ്പിക്കുക
• നോർക്കയുടെ പ്രവർത്തനങ്ങൾക്ക് വികേന്ദ്രീകൃത സ്വഭാവം നൽകുക
• നിക്ഷേപങ്ങൾ വികസനത്തിന് ഉപയോഗപ്പെടുത്താൻ സഹായിക്കുക
• പ്രവാസി പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

