'ശാന്തിക്കാർ നാളികേരമെടുക്കരുത്'; നാളികേരമുറി അവകാശമല്ലെന്ന ഉത്തരവ് ശരിവെച്ച് സർക്കാർ
text_fieldsകോഴിക്കോട്: വളയനാട് ക്ഷേത്രത്തിൽ മുട്ടറുക്കൽ വഴിപാടിനുശേഷം ശാന്തിക്കാർ അവകാശമെന്ന നിലയിൽ എടുത്തുവന്നിരുന്ന ഒരുമുറി നാളികേരം ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടണമെന്ന മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് ശരിവെച്ച് സർക്കാർ. വളയനാട് ദേവസ്വത്തിലെ ശാന്തിക്കാരായ എൻ. കേശവൻ മൂസദ് ഉൾപ്പെടെ ആറുപേരുടെ വാദം തള്ളിയാണ് റവന്യൂ (ദേവസ്വം ബി) വകുപ്പ് ജോ. സെക്രട്ടറി എം.എസ്. ശ്രീകലയുടെ ഉത്തരവ്.
ക്ഷേത്രത്തിലെ മുട്ടറുക്കൽ വഴിപാടിനുശേഷം ഭക്തർക്ക് നൽകിയതിനുശേഷമുള്ള നാളികേരത്തിന്റെ ഒരുമുറി ശാന്തിക്കാരായിരുന്നു എടുത്തിരുന്നത്. ഇത് ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടണമെന്ന ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ 2021ൽ ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ ശാന്തിക്കാർ മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ മുമ്പാകെ ഹരജി നൽകിയെങ്കിലും തള്ളി. തുടർന്ന് ഇവർ മലബാർ ദേവസ്വം ബോർഡ് കമീഷണർക്ക് അപ്പീൽ നൽകി. ഹരജി കേട്ട ഡെപ്യൂട്ടി കമീഷണർ പദവിയിൽ ഇരുന്നയാൾ തന്നെയാണ് അപ്പീൽ പരിഗണിക്കുന്ന കമീഷണർ പദവിയിലും എന്നതിനാൽ ശാന്തിക്കാർ ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. ഇതേതുടർന്ന്, ഇരുഭാഗത്തെയും കേട്ടശേഷം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിർദേശിക്കുകയായിരുന്നു.
വളയനാട് ദേവസ്വത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പൂജാവിധികളും വഴിപാടുകളമാണ് ഇപ്പോഴും പിന്തുടരുന്നതെന്നും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താൻ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർക്കോ പാരമ്പര്യ ട്രസ്റ്റിക്കോ അധികാരമില്ലെന്നുമായിരുന്നു ശാന്തിക്കാരുടെ വാദം.
എന്നാൽ, ശാന്തി പ്രവൃത്തി മാത്രമാണ് ഹരജിക്കാരുടെ തറവാടുകൾക്ക് പാമ്പര്യമായി നൽകിയിട്ടുള്ളതെന്നും മറ്റ് അവകാശങ്ങൾ അവർക്കില്ലെന്നും ദേവസ്വം ട്രസ്റ്റി മറുപടി നൽകി. ശമ്പളത്തിനുപുറമെ വഴിപാടിന് ക്ഷേത്രം ഈടാക്കുന്ന രണ്ടുരൂപയിൽനിന്ന് 30 പൈസ ശാന്തിക്കാരുടെ വിഹിതമായി നൽകുന്നുണ്ടെന്നും നാളികേര മുറി അവരുടെ പാരമ്പര്യ അവകാശമല്ലെന്നും വ്യക്തമാക്കിയ ട്രസ്റ്റി, മുട്ടറുക്കലിന് പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽപോലും ഹരജിക്കാർ പറയുന്ന രീതിയല്ല പിന്തുടരുന്നതെന്നും ബോധിപ്പിച്ചു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി പരിശോധിച്ചശേഷം ദേവസ്വം ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് ക്ഷേത്രത്തിന്റെയും ക്ഷേത്രജീവനക്കാരുടെയും ഉന്നതിക്ക് ഉതകുന്നതാണെന്ന് വിലയിരുത്തിയാണ് ശാന്തിക്കാരുടെ വാദം തള്ളി സർക്കാർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

