പൂരംകലക്കലിലെ എം.ആർ. അജിത്കുമാറിന്‍റെ ഇടപെടലും സർക്കാർ മറന്നു
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ കേസ് ഡയറി തിരുത്തി രക്ഷിക്കാൻ ശ്രമിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനായി സർക്കാർ തലത്തിൽ ‘രക്ഷാപ്രവർത്തനം’ നടക്കുന്നെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പിക്കുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതും യു.ഡി.എഫ് സർക്കാർ മറന്നു.
2024ലെ പൂരംകലക്കലിൽ അജിത്കുമാറിന് പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. ഇതുസംബന്ധിച്ച് മൂന്ന് അന്വേഷണം നടത്തിയെങ്കിലും പൊലീസിനെയും എ.ഡി.ജി.പിയെയും വെള്ളപൂശിയുള്ള റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. എൽ.ഡി.എഫ് സർക്കാറിനും എ.ഡി.ജി.പിക്കുമെതിരെ കോൺഗ്രസ് ഉൾപ്പെടെ യു.ഡി.എഫ് നേതൃത്വം രാഷ്ട്രീയായുധമാക്കിയിരുന്ന വിഷയമാണ് പൂരം കലക്കൽ. എന്നാൽ, അധികാരത്തിലേറിയ ശേഷം യു.ഡി.എഫ് സർക്കാർ അവയെല്ലാം മറന്ന നിലയിലാണ്.
പൂരം കലക്കലിന് പിന്നാലെ കോൺഗ്രസ് സംഘടിപ്പിച്ച ‘സി.പി.എം.- ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരായ പ്രതിഷേധസംഗമം’ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനാണ്. അജിത്കുമാറാണ് പൂരംകലക്കിയതെന്ന് ആ യോഗത്തിൽ സതീശൻ ആരോപിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയെ ലോക്‌സഭയിലേക്ക് ജയിപ്പിക്കാനായി തയാറാക്കിയ പ്ലാനായിരുന്നു പൂരംകലക്കൽ എന്നായിരുന്നു കോൺഗ്രസ് ആരോപണം.
പൂരംകലക്കലിൽ എൽ.ഡി.എഫ് സർക്കാർ മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയോ നടപടിയുണ്ടാകുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ എ.ഡി.ജി.പി അജിത്കുമാറിന്‍റെ പങ്ക് സംബന്ധിച്ചായിരുന്നു ഇതിൽ ഒരന്വേഷണം.
പൂരം കലക്കലിൽ പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയായിരുന്നു പലരും മൊഴി നൽകിയിരുന്നത്. എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും ആ അന്വേഷണ റിപ്പോർട്ടുകളിൽ എന്താണ് വ്യക്തമാക്കിയതെന്ന് വെളിപ്പെടുത്താനോ ആ സംഭവം ഒന്ന് പുനഃപരിശോധിക്കാനോ തയാറായില്ല.
ഇരകൾ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ നടപടികൾ വൈകുന്നതിലുള്ള ആശങ്ക അറിയിക്കാൻ രക്ഷാപ്രവർത്തന കേസിലെ ഇരകളായ എ.ഡി. തോമസ് എം.എൽ.എയും അജയ് ജൂവലും മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ആശങ്കകൾ നേരിട്ട് അറിയിക്കുമെന്നാണ് വിവരം.
എ.ഡി.ജി.പിക്കെതിരെ നടപടി വേഗത്തിലാക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. വൈകിയാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവെക്കുന്നത്.
സംഭവത്തിൽ എം.ആര്‍. അജിത്കുമാറിന്‍റെ പങ്കില്‍ വ്യക്തത തേടി എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പി മടക്കിയതാണ് ഇപ്പോൾ ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. അജിത്കുമാറിനെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും സ്ഥാനക്കയറ്റം ലഭിക്കുന്നതിനുമുമ്പ് നടപടിയെടുത്താല്‍ മതിയെന്നുമുള്ള നിലപാടിലാണ് ആഭ്യന്തരവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

