വാളയാറിലെ ഇരക്കൊപ്പമാണ് സർക്കാർ, സി.പി.എം പ്രവർത്തകന് കൊലപാതകത്തിൽ പങ്കില്ല - വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വാളയാറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കൊലപാതകം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. സംഘപരിവാര്‍ ക്രൂരതയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇരയുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കേരളം പുലര്‍ത്തുന്ന ക്രമസമാധാന മാതൃകയില്‍ ആക്ഷേപം ഉന്നയിക്കാനാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം കൊണ്ടുപോകാനുള്ള തുക അനുവദിച്ചത് സര്‍ക്കാരാണ്. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. ഒരു സി.പി.എം പ്രവര്‍ത്തകനും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെന്നും ശിവന്‍കുട്ടി പരഞ്ഞു.പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേരളത്തില്‍ എല്ലാ ആഘോഷങ്ങളും നടക്കുമെന്ന് മന്ത്രി മറുപടി പറഞ്ഞു.
'പ്രതികളുടെ പശ്ചാത്തലം ആർ.എസ്.എസിന്റേതാണ്. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ഇവരുടെ ക്രൂരത സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ കാണും. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. മൃതദേഹം ഇന്ന് വിമാനത്തില്‍ കൊണ്ടുപോയി.' ശിവൻകുട്ടി പറഞ്ഞു.
'കേരളത്തില്‍ എല്ലാ ആഘോഷങ്ങളും നടക്കും. ഒരാഘോഷവും തടയാന്‍ കഴിയില്ല. എല്ലാ ആഘോഷങ്ങള്‍ക്കും ഒപ്പമാണ് സര്‍ക്കാര്‍. ആഘോഷം ആർ.എസ്.എസ് തടയാന്‍ ശ്രമിച്ചു.' എന്നാല്‍, അത്തരം ശ്രമങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയെയും നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ചിലയിടങ്ങളില്‍ വിവിധ പേരുകളിലാണ് ചിലര്‍ സത്യപ്രതിജ്ഞയെടുത്തത്. ഇത്തരം പ്രതിജ്ഞകള്‍ക്ക് സാധുതയില്ലെന്ന് സുപ്രിംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ പ്രക്രിയയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

