ഇടുക്കിയിൽ നാളെ സർക്കാറിന്റെ വാർഷികാഘോഷ പരിപാടിയിൽ വേടൻ പാടും
text_fieldsഇടുക്കി: സർക്കാറിന്റെ നാലാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചെറുതോണിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ സമാപന പരിപാടിയിൽ റാപ്പർ വേടൻ പാടും. പൂർണ പിന്തുണ നൽകുമെന്ന് സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ പ്രഖ്യാപിച്ചതിന് പിന്നാലെ വേടന്റെ പരിപാടിക്കായി സർക്കാർ വേദി നൽകാൻ തീരുമാനിച്ചത്.
ഏപ്രിൽ 29ന് ഇടുക്കിയിൽ സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി വേടന്റെ ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ വേടനെ ഈ പരിപാടിയില്‍ നിന്ന് ഇടുക്കി ജില്ലാഭരണകൂടം ഒഴിവാക്കിയിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് ആ കേസിലും വേടന് ജാമ്യം ലഭിച്ചു. അതിനു ശേഷമാണ് സർക്കാർ നേരത്തേ റദ്ദാക്കിയ പരിപാടി മേയ് അഞ്ചിന് നടത്താൻ തീരുമാനിച്ചതും വേടനെ ക്ഷണിച്ചതും.
വാഴത്തോപ്പ് സർക്കാർ സ്കൂളിൽ നടക്കുന്ന വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ച് വേടന്റെ ഷോ നടത്താനാണ് തീരുമാനം. നാളെ വൈകീട്ട് ഏഴുമണിക്കായിരിക്കും പരിപാടി നടക്കുക.
അതിനിടെ, വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് പൂർണമായി ഒറ്റപ്പെടുകയാണ്. വേടനെതിരായ കേസ് വനംവകുപ്പിന്റെ ഇരട്ടത്താപ്പാണെന്ന് വിമർശനമുയർന്നിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം നിന്ന വനുവകുപ്പ് മന്ത്രിയും പിന്നീട് അവരെ തള്ളിപ്പറയുകയായിരുന്നു. വേടനെ അറസ്റ്റ് ചെയ്യാൻ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
കേസ് നിലനിൽക്കുമെങ്കിലും തുടരന്വേഷണം വേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനവും. വേടന് പുലിപ്പല്ല് നല്‍കിയ ശ്രീലങ്കന്‍ വംശജന്‍ രജ്ഞിത്ത് കുമ്പിടിയെപ്പറ്റിയും അന്വേഷണമില്ല. വിദേശത്തുള്ള ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അതും തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. പുലിപ്പല്ല് സമ്മാനമായി സ്വീകരിക്കുന്നതു കുറ്റകരമാണെന്നു തനിക്കറിയില്ലെന്നാണു വേടനും മൊഴി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

