ലഹരിക്കെതിരായ ജനജാഗ്രതയെ സർക്കാർ പിന്നിൽ നിന്ന് കുത്തരുത് -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന ലഹരിവേട്ട ഞെട്ടിപ്പിക്കുന്നതാണെന്നും പിടിക്കപ്പെട്ടവർ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിറകിൽ രാഷ്ട്രീയ ഇടപെടലുകളാണെന്നും വെൽഫെയർ പാർട്ടി. ലഹരിക്കെതിരെ നടക്കുന്ന വിവിധ ജനകീയ പോരാട്ടങ്ങളെ പിന്നിൽനിന്ന് കുത്തുന്ന സമീപനമാണ് ഇതിലൂടെ സർക്കാർ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു.
ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ - കെ..എസ്.യു തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും നേതാക്കളും ലഹരി വില്പന നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ കൈക്കൊള്ളണം. ഭരണ - രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് ക്രിമിനലുകൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കിക്കൊടുക്കുകയാണ്. സമൂഹത്തിൽ ലഹരിക്കെതിരെ മുമ്പില്ലാത്ത വിധത്തിലുള്ള ജാഗ്രത കനപ്പെട്ടു വരികയാണ്.
സംഘടനകൾ, സ്കൂളുകൾ, പി ടി എ, മഹല്ലുകൾ, റസിഡൻസ് അസോസിയേഷനുകൾ, മാധ്യമങ്ങൾ, ക്ലബ്ബുകൾ, നാട്ടുകൂട്ടായ്മകൾ അങ്ങനെ എല്ലാവരും ഈ വിപത്തിനെതിരെ പോരാട്ടമുഖം തുറക്കുമ്പോഴാണ് കളമശേരിയിൽ നിന്ന് ലഹരി പിടിച്ചെടുക്കുന്നത്. എസ്.എഫ്.ഐ - കെ..എസ്.യു പോലുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകർ ലഹരിയുടെ പ്രചാരകരായി മാറുന്നത് തടയിടാൻ സംഘടനാ നേതൃത്വങ്ങൾക്ക് സാധിക്കണം. സംസ്ഥാന സർക്കാർ കേവല വാഗ്വിലാസങ്ങളിൽ മാത്രം അഭിരമിക്കാതെ കർശന നടപടികളിലേക്ക് കടക്കണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.