Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജമാണിക്യത്തെ...

രാജമാണിക്യത്തെ തെറിപ്പിച്ചത് ചെറുവള്ളി വില നൽകി ഏറ്റെടുക്കാൻ

text_fields
bookmark_border
രാജമാണിക്യത്തെ തെറിപ്പിച്ചത് ചെറുവള്ളി വില നൽകി ഏറ്റെടുക്കാൻ
cancel
camera_alt??????? ?????? ???????? ???????????????? ????? ???? ????? ??????????? ????????????? ????????????? ????? ???????? ???????????????? ?????????

തിരുവനന്തപുരം: ഹാരിസൺസ് മലയാളം ലിമിറ്റഡും അവരിൽ നിന്നും ഭൂമി നേടിയവരും അനധികൃതമായി കൈവശം ​െവച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിന്​ സ്പെഷൽ ഓഫിസറായി നിയമിച്ച എം.ജി. രാജമാണിക്യത്തെ തൽസ്ഥാനത്തുനിന്ന് നീക്കിയത്​ ചെറുവള്ളി എസ്​റ്റേറ്റ്​ വില നൽകി ഏ​െറ്റടുക്കാനെന്ന ആരോപണം ശക്​തമാണ്​.

വിദേശത്തെ ഉപരിപഠനത്തിന്​ ശേഷം തിരികെ വന്ന രാജമാണിക്യം തൽസ്ഥാനത്ത് തുടര​ട്ടെയെന്ന റവന്യൂ മന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയാണ്​ വെട്ടിയതെന്ന്​ നോട്ട് ഫയലുകൾ തെളിയിക്കുന്നു. ഹാരിസൺസ് അധികൃതരും ചെറുവള്ളി എസ്​റ്റേറ്റ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ട്രസ്​റ്റും നടത്തിയ സമ്മർദത്തി​​െൻറ ഫലമാണിതെന്നാണ്​​ ചൂണ്ടിക്കാട്ടപ്പെടുന്നത്​​. തർക്ക ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്നതിന് വിവാദ വ്യവസ്ഥകളോടെ നിയമനിർമാണം നടത്താനാണ് സർക്കാർ നീക്കം. അതിനുള്ള കരട് നിയമവകുപ്പി​​െൻറ പരിഗണനയിലാണ്.

ഇതോടെ ഹാരിസൺസ് അടക്കമുള്ളവർ അധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യത്തി​​െൻറ റിപ്പോർട്ട് കുപ്പത്തൊട്ടിയിലായി. മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ, ജസ്​റ്റിസ് എൽ. മനോഹരൻ, ഡോ. ഡി. സജിത്ബാബു, ഐ.ജി. ശ്രീജിത്, എൻ. നന്ദനൻപിള്ള  തുടങ്ങിയവരുടെ റിപ്പോർട്ടുകളും നിയമോപദേശങ്ങളും അട്ടിമറിച്ചാണ് പുതിയ നീക്കം.   

ഹാരിസൺസ് കേസ് തുടരുന്നതിനിടെയാണ് 2018 ജനുവരി ഒന്ന് മുതൽ 2019 സെപ്റ്റംബർ 30 വരെ സ്പെഷൽ ഓഫിസർ രാജമാണിക്യത്തിന് ഉപരിപഠനത്തിനായി  വിദേശത്ത് പോകാൻ സർക്കാർ അനുമതി നൽകിയത്. ഈ കാലയളവിൽ ലാൻഡ് ബോർഡ് അസിസ്​റ്റൻറ് സെക്രട്ടറിക്ക് സ്​റ്റേറ്റ് സ്പെഷൽ ഓഫിസിലെ കോർഡിനേറ്ററുടെ അധിക ചുമതല പൂർണമായി നൽകി. എന്നാൽ, സ്പെഷൽ ഓഫിസർ തസ്തിക ഒഴിഞ്ഞുകിടന്നു.  2019 നവംബർ രണ്ടിന് ഉപരിപഠനം പൂർത്തിയാക്കി രാജമാണിക്യം മടങ്ങിവന്നു. സർവിസിൽ തിരികെ പ്രവേശിച്ച രാജമാണിക്യത്തിന് പൊതുഭരണ വകുപ്പിലെ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുടെ ചുമതലയാണ്​ നൽകിയത്​.

രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി തുടരുന്നതിന് അനുമതി നൽകണമെന്നായിരുന്നു റവന്യൂ വകുപ്പി​​െൻറ നിർദേശം. അതിനുള്ള കാരണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന തോട്ടം സംബന്ധിച്ച അന്വേഷണ നടപടികൾ പൂർത്തിയായിട്ടില്ലെന്നും സ്പെഷൽ ഓഫിസർ നാലു ജില്ലകളിൽ മാത്രമേ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടുള്ളൂയെന്നും റവന്യു വകുപ്പ്​ ചൂണ്ടിക്കാട്ടി. ബാക്കി ജില്ലകളിലും ഉത്തരവിൻ പ്രകാരം അടിയന്തര തുടർനടപടികൾ സ്വീകരിക്കണം.

എങ്കിൽ മാത്രമേ സർക്കാറിനുവേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് കഴിയുകയുള്ളൂ. വിവിധ ജില്ലകളിൽ സിവിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്യണം. ഈ കേസുകളുടെ നടത്തിപ്പിന്​ ആവശ്യമായ സുപ്രധാന വിവരങ്ങളും രേഖകളും മറ്റും സ്​പെഷൽ ഓഫിസറുടെ ഓഫിസിൽ നിന്നും തുടർന്നും ലഭിക്കണമെന്നും റവന്യു വകുപ്പ്​ ചൂണ്ടിക്കാട്ടിയിരുന്നു. ഹാരിസൺസ് വിഷയം കാര്യക്ഷമമായും ചിട്ടയായും കൈകാര്യം ചെയ്ത പരിചയസമ്പന്നനായ രാജമാണിക്യത്തി​​െൻറ സേവനം തുടർന്നും അനിവാര്യമാണെന്നും നിലവിലെ നിയമനത്തിന് പുറമേ സ്​റ്റേറ്റ് സ്പെഷൽ ഓഫിസർ ചുമതലകൂടി നൽകണമെന്നുമായിരുന്നു റവന്യു വകുപ്പി​​െൻറ നിർദേശം.

നിലവിൽ ഹാരിസൺസ് കേസുള്ള കോടതികളിലെ സർക്കാർ വക്കീലന്മാർ മറ്റുകേസുകൾക്കൊപ്പമാണ് ഈ കേസുകളും വാദിക്കുന്നത്. അതിനാൽ കേസുമായി ബന്ധപ്പെട്ട പുരാതന രേഖകൾ സമാഹരിച്ചും അതിലെ കൃത്രിമങ്ങൾ കണ്ടെത്തിയും റിപ്പോർട്ട് തയാറാക്കുന്നതിന് ബന്ധപ്പെട്ട ഗവ. പ്ലീഡർമാർക്ക് ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി നൽകണം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വലുതും ചെറുതുമായ കക്ഷികൾ വിവിധ കോടതികളിൽ ഫയൽ ചെയ്യുന്ന കേസുകളിൽ ‘സ്റ്റേറ്റ്മ​െൻറ് ഓഫ് ഫാക്സ്’ സമയബന്ധിതമായി തയാറാക്കണം. ഇതെല്ലാം ഫലപ്രദമായി നിർവഹിക്കുന്നതിന് സ്പെഷൽ ഓഫിസറുടെയും ടീമി​​െൻറയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന സാഹചര്യത്തിലായിരുന്നു റവന്യു വകുപ്പ്​ ഈ ആവശ്യമുന്നയിച്ചത്​. ​  

രാജമാണിക്യത്തെ സ്പെഷൽ ഓഫിസർ തസ്തികയിൽ നിയമിച്ചത് കോടതി ഉത്തരവിലൂടെയാണ്. ആ നിയമന ഉത്തരവ് കോടതിയോ സർക്കാരോ റദ്ദ് ചെയ്തിട്ടില്ല. ആ തസ്തികയിൽ മറ്റാരെയും നാളിതുവരെ നിയമിച്ചിട്ടുമില്ല. രാജമാണിക്യം നിലവിലും സ്പെഷൽ ഓഫിസറായി തുടരുന്നതായി കണക്കാക്കാമെന്നും റവന്യുവകുപ്പ് കുറിച്ചു. രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിക്കുമ്പോൾ അദ്ദേഹം സർവേ ആൻഡ് ലാൻഡ് റെക്കോർഡ് ഡയറക്ടറായിരുന്നു. തുടർന്ന് കണ്ണൂർ, എറണാകുളം ജില്ലകളിലെ കലക്ടറായി. രജിസ്ട്രേഷൻ ഐ.ജിയായും കെ.എഫ്.സി മാനേജിങ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ, ഐ.ടി മാനേജിങ് ഡയറക്ടർ, ഫുഡ് സേഫ്റ്റി കമ്മീഷണർ എന്നീ തസ്തികളിലും സേവനമനുഷ്ഠിച്ചു. അപ്പോഴെല്ലാം സ്പെഷൽ ഓഫിസർ പദവിയിൽ അദ്ദേഹം തുടരുകയായിരുന്നെവെന്നും റവന്യു വകുപ്പ് ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുടെ ഉത്തരവ്​ പ്രകാരം കൗശികന്​​ സ്പെഷൽ ഓഫിസറായി ചുമതല നൽകുന്നത്​ സംബന്ധിച്ച്​ 2020 ജനുവരി ഒന്നിന്​ റവന്യൂ വകുപ്പിൽ നിന്ന്​ പോയ ഫയൽ
 

റവന്യു വകുപ്പി​​െൻറ കുറിപ്പടങ്ങുന്ന ഫയൽ​ 2019 ഡിസംബർ ഒമ്പതിനാണ്​ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണുവി​​െൻറ മേശപ്പുറത്ത് വെച്ചത്​. അദ്ദേഹം ഇൗ നിലപാട് അംഗീകരിച്ചില്ല. ലാൻഡ് ബോർഡി​​െൻറ സെക്രട്ടറിയായ കൗശികനെ സ്പെഷൽ ഓഫിസറായി നിയമിക്കണമെന്നായിരുന്നു വേണു കുറിച്ചത്. വേണു നേരത്തെയും ഹാരിസൺസി​​െൻറ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം വനംവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് റബ്ബർ മരങ്ങൾ മുറിക്കുന്നതിനുള്ള സീനിയറേജ് (നികുതി) പുർണമായി ഒഴിവാക്കി 2018 ജൂൺ 27ന് ഉത്തരവിറക്കിയത്. ഹാരിസൺസ് ഉൾപ്പെടെയുള്ളവർ ഉടൻ മരങ്ങൾ മുറിച്ച് വിറ്റു. അതിലൂടെ സർക്കാറിന് കോടികൾ നഷ്​ടമായി. ഹാരിസൺസിന് കോടികളുടെ നേട്ടവുമുണ്ടായി.

നിയമ സെക്രട്ടറി പി.കെ. അരവിന്ദ ബാബു 2019 മെയ് 10ന് വേണുവി​​െൻറ ഉത്തരവ് റദ്ദുചെയ്യണമെന്ന്​ നിർദേശി​െച്ചങ്കിലും അപ്പോഴേക്കും മരങ്ങൾ മല കടന്നിരുന്നു. നിയമസെക്രട്ടറി ചൂണ്ടിക്കാണിച്ചത് വേണുവി​​െൻറ ഉത്തരവ് നിയമവിരുദ്ധമെന്നാണ്. പ്ലാൻറേഷൻ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയോഗിച്ച ജസ്​റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റി റബ്ബറി​​െൻറ വിലയിടിവ് തുടരുന്നതിനാൽ 2,500 രൂപ സീനിയറേജ് 1,000 രൂപയായി കുറക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. എന്നാൽ മന്ത്രിസഭായോഗം സീനിയറേജ് പൂർണമായും ഒഴിവാക്കി നൽകി. ഹാരിസൺസി​​െൻറ ഭൂമിയിലെ ഉടമസ്ഥത സംബന്ധിച്ച കേസ് സിവിൽ കോടതിയിലായതിനാൽ സീനിയറേജ് ഇളവ് നൽകിയത് വിവേകമില്ലാത്ത തീരുമാനമാണ്. അതിനാൽ ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ നിർദേശം. ഹാരിസൺസ് ആകട്ടെ മരങ്ങളെല്ലാം വെട്ടി വിറ്റശേഷം കോടിക്കണക്കിന് രൂപയുടെ ആദായം നൽകിയ മുഖ്യന്ത്രിക്ക് കത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.  

രാജമാണിക്യത്തെ ഒഴിവാക്കി കൗശികനെ നിയമിക്കാനുളള വേണുവി​​െൻറ നിർദേശത്തെ മന്ത്രി ഇ. ചന്ദ്രശേഖരൻ അംഗീകരിച്ചില്ല. സംസ്ഥാന സ്പെഷൽ ഓഫിസറായി രാജമാണിക്യത്തിന് തന്നെ അധിക ചുമതല നൽകണമെന്നാണ്​ 2019 ഡിസംബർ 20ന് റവന്യൂമന്ത്രി കുറിച്ചത്. ഡിസംബർ 31ന് ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ഇ. ചന്ദ്രശേഖര​​െൻറ നിർദേശം വെട്ടി  ലാൻഡ് ബോർഡ് സെക്രട്ടറി കൗശികൻ തന്നെ ചുമതല വഹിക്കട്ടെയെന്ന് കുറിച്ചു. അങ്ങനെ സർക്കാറി​​െൻറ കണ്ണിലെ കരടായിരുന്ന രാജമാണിക്യം സ്പെഷൽ ഓഫിസർ സ്ഥാനത്തുനിന്ന്​ തെറിക്കപ്പെട്ടു. റവന്യൂമന്ത്രി ഇവിടെ നോക്കുകുത്തിയായി. എന്തിലും പ്രതികരിക്കുന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും മൗനം പാലിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsharrisons estate case
News Summary - Government sacked Rajamanikyam to sell Cheruvalli estate
Next Story