മോട്ടോർ വാഹന വകുപ്പ് വിജിലൻസ് സെൽ നിയമന പട്ടിക സർക്കാർ തിരിച്ചയച്ചു
text_fieldsകോഴിക്കോട്: നിയമനടപടി നേരിട്ട് ട്രാൻസ്പോർട്ട് കമീഷണറുടെ സ്ക്വാഡിൽ (ടി.സി സ്ക്വാഡ്) നിന്ന് മാറ്റിയ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ വിജിലൻസ് സ്ക്വാഡ് പട്ടിക സർക്കാർ തിരിച്ചയച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ പരിശോധന നടത്തേണ്ട സ്ക്വാഡിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അനുമതിക്കയച്ചതാണ് അനഭിമതർ ഉൾപ്പെട്ടന്ന കാരണത്താൽ സർക്കാർ തിരിച്ചയച്ചത്. പട്ടികയിലെ എട്ടു പേരെ ഒഴിവാക്കാനാണ് നിർദേശം. കറകളഞ്ഞവരെ ഉൾപ്പെടുത്തി പുതിയ പട്ടിക തയാറാക്കാനും ട്രാൻസ്പോർട്ട് കമീഷണറോട് സർക്കാർ ആവശ്യപ്പെട്ടു.
വയനാട് ആർ.ടി.ഒ സുമേഷ്, ജോയന്റ് ആർ.ടി.ഒ വേണുകുമാർ, ആർ.ടി.ഒ എം.കെ. ജയേഷ്, എടപ്പാൾ ഐ.ഡി.ടി.ആർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. അപ്പു, എൻഫോഴ്സ്മന്റെ് ആർ.ടി.ഒ സി. ശ്യാം, എം.വി.ഐ ബിനോയ് വർഗീസ്, എൻഫോഴ്സ്മന്റെ് ആർ.ടി.ഒ അനന്തകൃഷ്ണൻ, എം.വി.ഐ ടി. ഹരികുമാർ എന്നിവരെയാണ് പട്ടികയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്.
ഇന്റേണൽ വിജിലൻസ് സെൽ വകുപ്പിൽ ഉന്നത നിലവാരവും സുതാര്യതയും ഐക്യവും നിലനിർത്തേണ്ടവരാണെന്നും നിയമനടപടികളോ വിജിലൻസ് കേസുകളോ നേരിടുന്നവരെ ഉൾപ്പെടുത്തിയാൽ മോശം തെറ്റായ സന്ദേശമാണ് നൽകുകയെന്നും വിശദീകരണമുണ്ട്. സർക്കാറിന്റെ സൂക്ഷ്മ പരിശോധനയിൽ ചില ഉദ്യോഗസ്ഥരെ വിജിലൻസ് സെല്ലിൽ ഉൾപ്പെടുത്താൻ കഴിയാത്തവരാണെന്നും അവരെ ഒഴിവാക്കണമെന്നും ട്രാൻസ്പോർട്ട് കമീഷണറോട് നിർദേശിച്ചു. നിലവിലെ പട്ടികക്കുപകരം പുതിയ പട്ടിക തയാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പട്ടികയിൽ ഉൾപ്പെടുന്നവർ വിജിലൻസ് കേസോ നടപടികളോ നേരിടുന്നവരോ വകുപ്പിന് പേരുദോഷമുണ്ടാക്കുന്നവരോ ആകരുതെന്നും പ്രത്യേകം നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലും ഏതുതരത്തിലുള്ള പരിശോധന നടത്താനും വിജിലൻസ് സ്ക്വാഡിന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

