കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിലേക്ക് സർക്കാർ പ്രതിനിധികൾ; ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി
text_fieldsജോസഫ് മാർ ഗ്രിഗോറിയോസ്
കൊച്ചി: യാക്കോബായ സുറിയാനി സഭ കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ സർക്കാർ പ്രതിനിധി സംഘത്തെ ലബനാനിലേക്ക് അയക്കുന്നതിനെതിരായ പൊതുതാൽപര്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. പ്രതിനിധി സംഘത്തെ അയക്കാൻ അനുമതി നൽകിയ മാർച്ച് 11ലെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് ഹരജി നൽകിയ തൃശൂർ കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരന്‍റെയും സർക്കാറിന്‍റെയുമടക്കം വാദം പൂർത്തിയാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി മാറ്റിയത്.
ഈ മാസം 25നാണ് യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ പാത്രിയാർക്കീസ് ബാവയുടെ കാർമികത്വത്തിൽ കാതോലിക്കയായി വാഴിക്കുന്നത്. ഈ ചടങ്ങിലേക്ക് സംസ്ഥാന സർക്കാർ പൊതുപ്പണം ഉപയോഗിച്ച് മന്ത്രിമാരെയും എം.എൽ.എമാരെയും അയക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരന്‍റെ വാദം. കെ.എസ്. വർഗീസ് കേസിൽ പള്ളികളുടെ ഭരണാവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ഈ വിധി നടപ്പാക്കാതെ കാതോലിക്ക ബാവയുടെ അനുയായികളെ പിന്തുണക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഹരജിയിൽ ആരോപിച്ചു. കോടതി ഉത്തരവുകൾ ബോധപൂർവം ലംഘിക്കുകയും സർക്കാറിന്‍റെയും പൊലീസിന്‍റെയും പിന്തുണയോടെ സംഘർഷമുണ്ടാക്കുകയും ചെയ്യുകയാണ് ഈ വിഭാഗം.
രാജ്യത്തിന് പുറത്തിരുന്ന് ഇന്ത്യൻ ഭരണഘടനയോടും കോടതികളോടും അനാദരവ് കാണിക്കുന്ന, ഇന്ത്യയിൽ അധികാരമില്ലാത്ത മതമേധാവികളുടെ ചടങ്ങിന് പൊതുപണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ പ്രതിനിധി സംഘത്തെ അയക്കുന്നത് തടയണമെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, കോടതി ഉത്തരവുണ്ടായെങ്കിലും രണ്ട് വിഭാഗങ്ങളും ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വാസികൾക്ക് മതാചാരങ്ങളും നടപടികളും കൈക്കൊള്ളുന്നതിനെ കോടതി തടസ്സപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വാദിച്ചു.
പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്‍റെ ഭാഗമായി നിയമനിർമാണത്തിന് ഒരുങ്ങുകയാണ് സർക്കാറെന്നും രാജ്യത്തിന് പുറത്തുള്ളവരായി യാക്കോബായ വിഭാഗത്തെ ചിത്രീകരിക്കാനാവില്ലെന്നും സർക്കാർ വാദിച്ചു. പൊതുതാൽപര്യ ഹരജിയുടെ മറവിൽ ഹരജിക്കാരൻ ഒരു വിഭാഗത്തിനുവേണ്ടി മാത്രം വാദിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

