പൂട്ടിയ സ്കൂളുകളുടെ എണ്ണം പറയാൻ മടിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര സ്കൂളുകൾ പൂട്ടിയെന്ന ചോദ്യത്തിന് മറുപടി നൽകാതെ വിദ്യാഭ്യാസ വകുപ്പ്. നിയമസഭയിൽ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഒറ്റ മറുപടി; ‘വിവരം ശേഖരിച്ചുവരുന്നു’.
ഏറ്റവും ഒടുവിൽ കഴിഞ്ഞ മൂന്നിന് കുറുക്കോളി മൊയ്തീൻ നൽകിയ ചോദ്യത്തിനും മറുപടി അതുതന്നെ. 2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് പൂട്ടിയ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?, ഈ സ്കൂളുകളിൽ 2016 മുതൽ ശമ്പളയിനത്തിൽ ഉൾപ്പെടെ ചെലവഴിച്ച തുക, അനാദായകരമായി പ്രവർത്തിക്കുന്ന സ്കൂളുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിവരം, 50ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ വിവരം തുടങ്ങിയവയാണ് കുറുക്കോളി മൊയ്തീൻ ചോദിച്ചത്. സമാന ചോദ്യം 2025 ഒക്ടോബർ എട്ടിന് കുറുക്കോളി മൊയ്തീൻ ഉന്നയിച്ചെങ്കിലും ‘ശേഖരിച്ചുവരുന്നു’വെന്നായിരുന്നു അന്നും മറുപടി. ഒക്ടോബറിൽ ശേഖരിക്കുന്നുവെന്ന് പറഞ്ഞ വിവരം നാലുമാസം പിന്നിട്ട് ഫെബ്രുവരിയിൽ എത്തിയിട്ടും ശേഖരിച്ചുകഴിഞ്ഞില്ല!. സ്കൂളുകൾ പൂട്ടിയതിന്റെ കണക്ക് പുറത്തുവരുന്നത് സർക്കാറിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരം ചോദ്യങ്ങൾക്ക് ‘സുരക്ഷിത’ മറുപടി നൽകി ഒഴിയാൻ കാരണമെന്നാണ് ആക്ഷേപം.
എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025ലെ സാമ്പത്തിക സർവേ റിപ്പോർട്ടിലൂടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സ്കൂളുകളുടെ എണ്ണത്തിൽ കുറവ് വന്നുവെന്ന് വ്യക്തമാണ്. 2021-22ൽ കേരളത്തിൽ സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് മേഖലയിൽ 12972 സ്കൂളുകൾ ഉണ്ടായിരുന്നത് 2024-25ലെ കണക്ക് പ്രകാരം 12,945 ആയി കുറഞ്ഞു.
നാലുവർഷത്തിനിടെ കുറഞ്ഞത് 27 സ്കൂളുകൾ. ഇതിൽ പത്തെണ്ണം എയ്ഡഡ് സ്കൂളുകളാണ്. 2016-17ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 12981 സ്കൂളുകളാണുണ്ടായിരുന്നത്. ഇതിൽ 2024-25ൽ 36 സ്കൂളുകളുടെ കുറവുണ്ട്. 18 എയ്ഡഡ് സ്കൂളുകളാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

