റോഡുകൾ പുനർവിജ്ഞാപനം ചെത്ത് ബാറുകൾ തുറക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാന് ശക്തമായ നീക്കം. അതിനായി സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്യും. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്നാണറിയുന്നത്. 300 ലധികം ബാറുകൾ തുറക്കാനാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. റോഡുകളുടെ കാര്യത്തിൽ പരമാവധി ഇളവുകൾ നൽകാനാണ് സര്‍ക്കാര്‍ നീക്കം. കോര്പറേഷന്, മുനിസിപ്പാലിറ്റി പരിധികളിലെ റോഡുകൾ പുനർവിജ്ഞാപനം ചെയ്ത് ഇൗ പ്രദേശത്തെ ബാറുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇൗ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിെൻറ ഭാഗത്ത് നിന്നുണ്ടായിരുന്ന എതിർപ്പുകൾ അയഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന റോഡുകളെ കോർപറേഷൻ, മുനിസിപ്പാലിറ്റി റോഡുകളായി റീനോട്ടിഫൈ ചെയ്ത് ബാറുകൾ തുറക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. പാതകള്‍ കര്‍ണാടക മാതൃകയില്‍ പുനർവിജ്ഞാപനം ചെയ്യും. അതിനായി ഇപ്പോൾ സംസ്ഥാന പദവിയിലുള്ള നഗരപരിധിയിലെ റോഡുകളുടെ പദവി എടുത്തുകളയും.
കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സംസ്ഥാന പാതകളെ പൂര്‍ണമായും ഇല്ലാതാക്കുന്ന നടപടിയോട് യോജിക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പും മന്ത്രി ജി. സുധാകരനും ശക്തമായ നിലപാടെടുത്തിരുന്നു. സംസ്ഥാന റോഡ് പദവി മാറ്റിയാല്‍ ഈ റോഡുകളുടെ അറ്റകുറ്റപ്പണികളടക്കമുള്ള ചെലവുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും തങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നുമുള്ള നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. അതിനാൽ ഇപ്പോൾ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുള്ള റോഡുകൾ മാത്രമാണ് പുനർവിജ്ഞാപനം ചെയ്യുന്നത്.