തിരുവനന്തപുരം: അട്ടപ്പാടി, കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിെൻറ അന്വേഷണം. പ്രഭുദാസിനെതിരായ ആരോപണങ്ങളും ആശുപത്രിയിലെ ക്രമക്കേടുകളും അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
ആരോഗ്യവകുപ്പ് ഡയറക്ടർ, വിജിലൻസിെൻറ ചുമതലയുള്ള അഡീഷനൽ ഡയറക്ടർ, പാലക്കാട് ഡി.എം.എ എന്നിവരടങ്ങുന്ന സമിതിയെയും നിയോഗിച്ചു. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളെതുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജിനെയും സംസ്ഥാന സർക്കാറിനെയും പ്രഭുദാസ് പരസ്യമായി വിമർശിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായായിരുന്നു മാറ്റം.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു –ഡോ. പ്രഭുദാസ്
തിരൂരങ്ങാടി: അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സൂപ്രണ്ടായിരിക്കെ നടത്തിയ ക്രമക്കേട്, ആരോപണങ്ങൾ എന്നിവ അന്വേഷിക്കാൻ ആരോഗ്യവകുപ്പ് സമിതിയെ നിയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെൻറ ഭാഗം പറയാൻ ഇതുവരെ സാധിച്ചിട്ടില്ല. മരുന്ന് മുതൽ വിറക് വരെ വാങ്ങുന്നതിൽ കമീഷൻ വാങ്ങുന്നത് എതിർത്തതിനാണ് തനിക്കെതിരെ നടപടിയുണ്ടായത്. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. -ഡോ. പ്രഭുദാസ് പറഞ്ഞു.