അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനൊരുങ്ങി സർക്കാർ, കൊച്ചി വേദിയാകും
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഒക്ടോബർ പകുതിയോടെ കൊച്ചിയിൽ സംഗമം നടത്താനാണ് തീരുമാനം. ക്രിസ്ത്യൻ-മുസ്‌ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കുമെന്നാണ് വിവരം.
കെ.ജെ മാക്സി എം.എൽ.എക്കാണ് ക്രിസ്ത്യൻ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. ‘കേരളം -വിഷന്‍ 2031’ എന്ന സർക്കാർ പരിപാടിയുടെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചർച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവക്കൊപ്പം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ചർച്ച ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ സംഘടനകളാണ് സംഗമത്തിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന.
ദേവസ്വംബോർഡിനെ മുന്നിൽ നിർത്തി ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സർക്കാർ തീരുമാനം വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചോർന്നുപോയ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് വീണ്ടും പാർട്ടിയിലേക്കും മുന്നണിയിലേക്കും അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് അയ്യപ്പസംഗമം നടത്തുന്നതെന്നായിരുന്നു ആരോപണം. സംഗമത്തിന്‍റെ സംഘാടനത്തിലൂടെ ഭൂരിപക്ഷ പ്രീണനത്തിലേക്കാണ് സർക്കാർ നീങ്ങുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ലക്ഷ്യമിട്ടുള്ള സംഗമം കൂടി നടത്താൻ സർക്കാർ നടപടി തുടങ്ങിയത്.
അതേസമയം, മന്ത്രിസഭാ തീരുമാന പ്രകാരം ‘കേരളം -വിഷൻ 2031’ എന്ന പേരിൽ സെമിനാർ മാത്രമാണ് എറണാകുളത്ത് നടത്തുന്നതെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ഒക്ടോബറിൽ വിവിധ വിഷയങ്ങളിലായി മന്ത്രിമാരുടെ നേതൃത്വത്തില്‍ 33 സെമിനാറുകൾ സംഘടിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിൽ ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട സെമിനാർ എറണാകുളത്ത് നടത്താനാണ് തീരുമാനിച്ചത്.
2031ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പരിപാടി ന്യൂനപക്ഷ സംഗമം അല്ല. കായിക വകുപ്പുമായി ബന്ധപ്പെട്ട സെമിനാർ മലപ്പുറത്താണ് നടത്തുന്നതെന്നും മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

