എൻ.പി.ആർ നടപടികൾ കേരള സർക്കാർ നിർത്തിവെച്ചു
text_fieldsതിരുവനന്തപുരം: ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) പുതുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നിർത്തിവെച്ചു. ജനസംഖ്യ രജിസ്റ്ററിനെതുടർന്ന് ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) കടന്നുവന്നതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നതിനെതുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിട്ടു. നിയമം നടപ്പാക്കില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തേ രണ്ട് ഉത്തരവുകളിട്ടിരുന്നു. അത് വിവാദമായതോടെയാണ് നടപടി നിർത്തിവെക്കാൻ തീരുമാനിച്ചത്. സെൻസസ് ഓപറേഷൻ ഡയറക്ടറെ സർക്കാർ പുതിയ നിലപാട് അറിയിച്ചു. പത്തുവര്ഷത്തിലൊരിക്കല് നടത്തിവരുന്ന കനേഷുമാരി(സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാൽ ഭരണഘടന മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതിനാലും വിഷയം പരമോന്നത നീതിപീഠത്തിെൻറ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യ പട്ടിക തയാറാക്കുന്നതുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
കേന്ദ്ര രജിസ്റ്റർ ജനറലും സെൻസസ് കമീഷണറും നേരെത്ത ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന് കത്തുനൽകിയിരുന്നു. 2019 ജൂലൈ 31ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രജിസ്ട്രേഷൻ ജനറലും ഇതുസംബന്ധിച്ച് ഉത്തരവും നൽകിയിട്ടുണ്ട്. ദേശീയ ജനസംഖ്യ പട്ടിക തന്നെ ദേശീയ പൗരത്വ പട്ടികയാക്കി മാറ്റിയേക്കുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
