'സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കൽ'; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറക്കുന്നത് സംബന്ധിച്ച് സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയസമഭയിൽ പി. അബ്ദുൽ ഹമീദിന്‍റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറക്കുന്നതിനുള്ള നടപടികളുടെ പുരോഗതി, ഇതിന് സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ, സർവീസ് സംഘടനകൾ ഉന്നയിച്ചുള്ള ആശങ്കകൾ എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം.
സംസ്ഥാനത്ത് വിവിധ സർക്കാർ ഓഫീസുകളിൽ ജോലി നോക്കുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പൊതുവായ തീരുമാനെമടുത്തിട്ടില്ലെന്ന് പി.കെ.ബഷീർ, ടി.വി. ഇബ്രാഹിം, യു.എ ലത്തീഫ്, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ ഒരോ കേസും വിശദമായ പരിശോധന നടത്തി മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ. പി.എസ്.സി മുഖേനെ നിയമനം നടത്തുന്ന തസ്തികകൾ പൊതുവിൽ ഇതിന്‍റെ പരിധിയിൽ ഉൾപ്പെടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ മധുസൂദനന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ മർദിച്ചതും ഭീഷണി മുഴക്കിയതുമായ സംഭവത്തിലാണ് സജീവ് ജോസഫ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഇതുവഴി സി.പി.എം പ്രതിക്കൂട്ടിൽ നിൽക്കുന്ന രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സഭയിൽ ചർച്ചക്ക് കൊണ്ടുവരാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തിര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി സ്പീക്കർ നോട്ടീസ് തള്ളി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകാതെ ഒളിച്ചോടുന്നുവെന്ന് ഭരണപക്ഷം ആരോപിക്കുന്നതിനിടെയാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ചർച്ച അനുവദിക്കാതിരുന്നത്.
ചട്ടം 50ലെ ഏത് വ്യവസ്ഥ അനുസരിച്ചാണ് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ ഉണ്ടായപ്പോൾ, എം.എൽ.എയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പിറകിൽ നിന്ന് കുറുവടികളുമായി വന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. പ്രതിഷേധിച്ചവരെയെല്ലാം കൊന്നൊടുക്കുമെന്ന് സി.പി.എം നേതാക്കൾ പ്രഖ്യാപിക്കുന്ന സാഹചര്യം ഈ സഭയിലല്ലാതെ എവിടെ പോയി പറയുമെന്നും സതീശൻ ചോദിച്ചു.
അടിയന്തിര പ്രമേയത്തിന് അനുമതിയില്ല എന്ന് ആവർത്തിച്ച് സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷ എം.എൽ.എമാർ സഭാതളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം തുടങ്ങി. 15 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിറങ്ങുകയും ചെയ്തു. സി.പി.എം പ്രതിരോധത്തില്‍ ആകുന്ന വിഷയം നിയമസഭയില്‍ അവതരിപ്പിക്കേണ്ടെന്ന് സ്പീക്കര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷമില്ലാതെയാണ് ശൂന്യവേളയും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

