അടുത്തയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധിപ്പൂരം
text_fieldsകോട്ടയം: അടുത്തയാഴ്ച സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധിപ്പൂരം. തുടർച്ചയായ എട്ടുദിവസം ഓഫിസുകൾ പ്രവർത്തിക്കില്ല. ഇതിനിടെ ഒരുദിനം ബാങ്ക് പ്രവൃത്തിദിനമായത് ഏറെ പണമിടപാടു നടക്കുന്ന ഓണക്കാലത്ത് വ്യാപാരികൾക്കടക്കം നേരിയ ആശ്വാസം നൽകും.
സർക്കാർ ഓഫിസുകളുടെയും ബാങ്കുകളുടെയും സേവനം ആവശ്യമുള്ളവർ ഈയാഴ്ചതന്നെ ഇടപാടു നടത്തിയില്ലെങ്കിൽ കുഴയും. ഞായറാഴ്ച പതിവ് അവധി, തിങ്കളാഴ്ച മുഹർറം, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം, വ്യാഴാഴ്ച മൂന്നാം ഓണം, വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തി, ആഴ്ചാവസാനം രണ്ടാംശനിയും കൂടി ആവുന്നതോടെ ആഴ്ച മുഴുവൻ സർക്കാർ അവധിദിനം ആവും. തുടർന്ന് ഞായർകൂടി എത്തുന്നതോടെ ഈമാസം എട്ട് മുതൽ 15 വരെ ഓഫിസുകൾ പൂട്ടിക്കിടക്കും. 12ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക.
വൈദ്യുതികരം സ്വീകരിക്കുന്നത് തടസ്സപ്പെടാതിരിക്കാൻ അവധിദിനങ്ങളായ 10, 12 തീയതികളിൽ കെ.എസ്.ഇ.ബിയുടെ എല്ലാ കലക്ഷൻ സെൻററുകളിലും രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ പണമടക്കാൻ സൗകര്യമേർപ്പെടുത്തി. അവധിക്കാലത്ത് പണമിടപാടുകൾ ഏറെയും ഓൺലൈനായി നടത്തേണ്ടിവരും.
എ.ടി.എമ്മുകളിൽ കൂടുതൽ ഇടപാട് നടക്കുന്നത് കണക്കിലെടുത്ത് അവധി ദിനങ്ങളിലും പണം നിറക്കാൻ ബാങ്കുകൾ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പണമെടുപ്പും ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടാൻ സാധ്യതയുണ്ട്. അവധിദിനങ്ങൾ കഴിഞ്ഞ് തുറക്കുന്നതോടെ അമിത ജോലിഭാരം ഉണ്ടാവുന്നതോടെ ജനങ്ങൾക്ക് കൃത്യസമയത്ത് സേവനം ലഭ്യമാകാനും ബുദ്ധിമുട്ട് നേരിടും. കാര്യങ്ങൾ സാധാരണ സ്ഥിതിയിലാവാൻ പിന്നെയും ദിവസങ്ങളെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
