Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ പരസ്യങ്ങളിൽ ‘ഗവ​ൺമെന്റ് ഓഫ് ഭാരത്’; വീണ്ടും ചർച്ചയായി ‘ഇന്ത്യ’​യുടെ പേരുമാറ്റൽ

text_fields
bookmark_border
കേന്ദ്രസർക്കാർ പരസ്യങ്ങളിൽ ‘ഗവ​ൺമെന്റ് ഓഫ് ഭാരത്’; വീണ്ടും ചർച്ചയായി ‘ഇന്ത്യ’​യുടെ പേരുമാറ്റൽ
cancel



ന്യൂഡല്‍ഹി: ‘ഇന്ത്യ’യെ ‘ഭാരത്’ ആക്കി മാറ്റാൻ വീണ്ടും നീക്കവുമായി കേന്ദ്ര സർക്കാർ. ‘ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ക്ക് പകരം ‘ഗവണ്‍മെന്റ് ഓഫ് ഭാരത്’ എന്നാണ് കേന്ദ്രസർക്കാർ പത്രങ്ങൾക്ക് നൽകിയ പരസ്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് പത്രങ്ങൾക്ക് പരസ്യം നൽകിയത്.

നേരത്തെ ഇന്ത്യ എന്നത് ഭാരത് ആക്കാനുള്ള നീക്കം വിവാദമായിരുന്നു. 2023ലെ ജി 20 ഉച്ചകോടി സമയത്ത് രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ അന്ന് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് പ്രയോഗിച്ചിരുന്നത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനേഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കി. അതേസമയം, തങ്ങളുടെ മുന്നണിക്ക് ‘ഇൻഡ്യ’യെന്നു പേരിട്ടതിൽ വിറളി പിടിച്ചാണ് രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കൾ ആരോപിച്ചിരുന്നു.

ഇന്ത്യയെന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നുമാണ് ബി.ജെ.പി വാദിക്കുന്നത്. ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നു പ്രയോഗിച്ചു തുടങ്ങണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആഹ്വാനം ചെയ്തിരുന്നു. ‘ഭാരത്’ എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വി.എച്ച്.പി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും അന്ന് രംഗത്തെത്തി.

ജി 20 ഉച്ചകോടിയിൽ വിദേശ ഡെലിഗേറ്റുകൾക്ക് വിതരണം ചെയ്യുന്ന ബുക്ക് ലെറ്റിന്റെ തലക്കെട്ട് ‘ഭാരത - ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയെന്ന ഭാരത് എന്ന് ഭരണഘടനയിൽ കൃത്യമായി പറയുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇതിനോട് പ്രതികരിച്ചത്. ഭാരതം എന്ന വാക്കിന്റെ അർഥവും വ്യാപ്തിയും ഭരണഘടനയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കണമെന്ന പൊതുതാൽപര്യ ഹർജി 2016 ലും 2020 ലും സുപ്രീം കോടതി തള്ളിയിരുന്നു. അതിനിടെ, രാജ്യത്തിന്റെ പേരുമാറ്റാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തതാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്. 1949 സെപ്റ്റംബർ 18ന് അംഗീകരിച്ച കരടിൽ ഭാരതം എന്നറിയപ്പെട്ട ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂനിയനായിരിക്കും എന്ന വാചകം ഒന്നാം ഷെഡ്യൂളിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G 20 Summitgovt of indiaIndia name change
News Summary - 'Government of Bharat', central government advertisement with name change again
Next Story