വകുപ്പുതല നടപടികൾ വൈകിപ്പിക്കുന്നത് തടയാൻ സർക്കാർ നീക്കം
text_fieldsകേരള സെക്രട്ടറിയേറ്റ്
കോഴിക്കോട്: വകുപ്പുതല അച്ചടക്ക നടപടികൾ വൈകിപ്പിക്കുന്നതിനെതിരെ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽപോലും അച്ചടക്കനടപടികൾ വൈകിപ്പിക്കുകയോ ദീർഘകാലം കാലതാമസം വരുത്തി നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കർശന നിർദേശങ്ങളുമായി സർക്കാർ രംഗത്തെത്തിയത്.
അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിലെ അമിതമായ കാലതാമസം ഒഴിവാക്കാൻ എല്ലാ വിഭാഗങ്ങളിലെയും യൂനിറ്റ് ഓഫിസർമാരുടെ പ്രതിമാസ യോഗം ചേർന്ന്, തീർപ്പുകൽപിക്കാത്ത അച്ചടക്ക നടപടി കേസുകളുടെ പുരോഗതി അവലോകനം ചെയ്യാൻ തീരുമാനമായി. ബന്ധപ്പെട്ട ഭരണ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും അവലോകനം. എല്ലാ ഭരണവകുപ്പുകളും എല്ലാ മാസവും അഞ്ചിനുമുമ്പ് തീർപ്പുകൽപിക്കാത്ത അച്ചടക്ക നടപടി കേസുകളുടെ വിശദാംശങ്ങൾ പട്ടികരൂപത്തിൽ തയാറാക്കി ഭരണ വകുപ്പിന് സമർപ്പിക്കാൻ വകുപ്പ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്.
വിവിധ ഓഫിസുകളിൽ സ്വാധീനം ചെലുത്തി വകുപ്പുതല നടപടി വൈകിപ്പിക്കുന്നത് കൂടുതൽ അച്ചടക്കരാഹിത്യത്തിന് കാരണമാകുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുദ്ധീകരണ നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടാതെ പോകുന്നത് സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കാൻ ഇടയാക്കുന്നുവെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

