ശബരി റെയിൽ പദ്ധതിക്കായി അതിവേഗ നീക്കത്തിൽ സർക്കാർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുമുമ്പ് അങ്കമാലി-എരുമേലി ശബരി റെയിൽപദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ. ദിവസങ്ങൾക്കുള്ളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് വിവരം. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിലെ പ്രതിബന്ധങ്ങളെല്ലാം ഒഴിവാക്കി പദ്ധതി യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അതിനാലാണ് ചെലവിന്‍റെ പകുതി കിഫ്ബി വഹിക്കുമെന്ന് ഉത്തരവിറക്കിയത്. ഇക്കാര്യം റെയിൽവേയെ അറിയിച്ചിട്ടുണ്ട്.
പദ്ധതിക്കായി ചെലവാകുന്ന 3,800 കോടി രൂപയുടെ പകുതിയായ 1,900 കോടി സംസ്ഥാനം വഹിക്കുമെന്നാണ് ഉത്തരവ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഏകദേശം 303.58 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 1,361 കോടി രൂപയാണ് ചെലവ് കണക്കുന്നത്. പാത നിർമാണത്തിന് 2,439.93 കോടിയും ചെലവ് വരും.
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാത വിഭാവനം ചെയ്തത്. 1997-98 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കുറച്ചുഭാഗത്ത് ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നു. തുടർന്ന് സാമ്പത്തിക പ്രതിസന്ധിയും സ്ഥലംഏറ്റെടുപ്പിലെ തടസ്സങ്ങളും കാരണം 25 വർഷത്തോളമായി നിലച്ച അവസ്ഥയിലാണ്. പുതിയ നീക്കമനുസരിച്ച് സ്ഥലമേറ്റെടുക്കാൻ ഭരണാനുമതി വൈകാതെ ലഭ്യമാക്കും. ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ അതിനു മുമ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇതുവരെ കൈവരിച്ച പുരോഗതിയും ഇനി ചെയ്യേണ്ട കാര്യങ്ങളുമെല്ലാം എറണാകുളം, കോട്ടയം, ഇടുക്കി ജില്ല കലക്ടർമാർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അലൈൻമെന്‍റിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. 2013ൽ തീരുമാനിച്ച അലൈൻമെന്‍റ് തന്നെയാകും ഉപയോഗിക്കുക. കോട്ടയം ജില്ല കലക്ടറുമായി റെയിൽവേ അധികൃതർ നേരത്തെ ചർച്ച നടത്തിയിരുന്നു. പഴയ ചില സർവേ നമ്പറുകളാണ് രേഖകളിൽ ഉണ്ടായിരുന്നത്. അത് പുതിയ നമ്പറുകളാക്കും. വിജ്ഞാപനം വന്നശേഷം ബാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. അതിനൊപ്പം നേരത്തെ കല്ലിട്ട സ്ഥലങ്ങൾ പ്രത്യേകമായി വീണ്ടും മാർക്ക് ചെയ്യും.
അങ്കമാലി മുതൽ രാമപുരം വരെയുള്ള ഭാഗത്താണ് പദ്ധതിക്കായി വർഷങ്ങൾക്ക് മുമ്പ് കല്ലിട്ടത്. അങ്കമാലി മുതൽ തൊടുപുഴവരെ സാമൂഹികാഘാത പഠനവും പൂർത്തിയായിരുന്നു. തുടർന്ന് എരുമേലിവരെ സർവേ നടത്തി. ഇടുക്കി ജില്ലയിലെ തൊടുപുഴ, കരിങ്കുന്നം, മണക്കാട് എന്നിവിടങ്ങളിലും കോട്ടയം രാമപുരത്തും സാമൂഹികാഘാതപഠനം നടത്താനുണ്ട്. അതിനുശേഷമാകും ഭൂമിവില നിശ്ചയിക്കുക. പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ സ്ഥലമെടുപ്പ് ഓഫിസുകൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

