മാസപ്പടിക്കേസ്: ഡിവിഷൻ ബെഞ്ചിലും സർക്കാർ നിലപാട് ആവർത്തിച്ചേക്കും
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: സുപ്രീംകോടതി നിർദേശപ്രകാരം എക്സാലോജിക് കേസിലെ പിണറായി വിജയന്റെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണനക്കെത്തുമ്പോൾ സർക്കാർ ‘പ്രാഥമികാന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ എഫ്.ഐ.ആർ’ എന്ന പഴയ നിലപാട് ആവർത്തിക്കാൻ സാധ്യത. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കോടതി നിർദേശപ്രകാരമാണെന്ന വാദമാകും സ്വീകരിക്കുക. മാസപ്പടി നിലപാടിന്റെ പേരിൽ കോൺഗ്രസിൽ പരസ്യപ്പോര് രൂപപ്പെട്ടെങ്കിലും വിജിലൻസ് എഫ്.ഐ.ആറിനെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ ന്യായീകരിക്കാൻ സാധ്യതയില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നും ആദ്യം പ്രാഥമിക അന്വേഷണം നടത്തണമെന്നുമായിരുന്നു സംസ്ഥാന സർക്കാർ സിംഗിൾ ബെഞ്ചിൽ വാദിച്ചത്. സുപ്രീംകോടതി ഈ നിലപാടിനോട് യോജിക്കുകയും സിംഗിൾ ബെഞ്ച് ഉത്തരവിനെ വിമർശിക്കുകയും ചെയ്തു. മാത്രമല്ല, സിംഗിൾ ബെഞ്ച് വിധി സർക്കാർ നിലപാടിന് വിരുദ്ധമായിട്ടും എന്തുകൊണ്ട് അപ്പീൽ പോയില്ലെന്നും ചോദിച്ചിരുന്നു. ഫലത്തിൽ സർക്കാർ നിലപാട് ശരിയാണെന്ന് സ്ഥാപിക്കുംവിധമാണ് സുപ്രീംകോടതി വിധി. ഇത് ഡിവിഷൻ ബെഞ്ചിലെ വാദം കേൾക്കലിലും പഴയ നിലപാട് ആവർത്തിക്കാൻ സർക്കാറിന് ആത്മവിശ്വാസമേകും.
ഇ.ഡി നൽകിയ വിവരങ്ങൾ വെച്ചുമാത്രം അഴിമതി നിരോധന നിയമപ്രകാരം പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നാണ് സർക്കാർ വാദം. ഇ.ഡി വിജിലൻസിന് നൽകിയ കത്ത് കേവലം വിവരങ്ങൾ പങ്കുവെക്കൽ മാത്രമാണ്. അതിനെ അന്തിമ തെളിവായി കണ്ട് സംസ്ഥാന വിജിലൻസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യേണ്ട ബാധ്യതയില്ല. സ്വന്തമായി അന്വേഷിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് വിജിലൻസിന് ബോധ്യപ്പെടണമെന്നാണ് സർക്കാർ നിലപാട്.
അതേസമയം, പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത പുകയുകയാണ്. പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ കെ.പി.സി.സി നേതൃത്വം ഇടപെട്ട് പരസ്യപ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തേണ്ടിവന്നു.
ഒപ്പം കോടതി നിർദേശപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ഏറെക്കുറെ കാര്യങ്ങൾ സുരക്ഷിതമെന്ന് കരുതുമ്പോഴാണ് വീണ്ടും നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം സംജാതമായത്. ഇത് കോൺഗ്രസ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷവും മാത്യു കുഴൽനാടനടക്കം ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

