വാഗമൺ മൊട്ടക്കുന്നിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറി; റോഡും കുളവും നിർമ്മിച്ച് ഭൂമാഫിയ
text_fieldsഇടുക്കി: വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി കയ്യേറി ഭൂമാഫിയ. 2012ൽ റവന്യൂ വകുപ്പ് ഏറ്റെടുത്തു ബോർഡ് സ്ഥാപിച്ച ഭൂമിയിലാണ് വീണ്ടും നിയമലംഘനം നടന്നിരിക്കുന്നത്. കയ്യേറ്റക്കാരുടെ കൈവശമുള്ള ഭൂമിക്ക് ഏകദേശം 80 കോടിയോളം രൂപ വിലവരും.
2001ൽ അനധികൃതമായി അനുവദിച്ച പട്ടയത്തിന്റെ മറവിലാണ് പ്രദേശം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്നത്. എന്നാൽ, അന്നത്തെ വ്യാപക കയ്യേറ്റത്തിനെതിരെയുള്ള മാധ്യമ വാർത്തകളെ തുടർന്ന് 2012ൽ റവന്യൂ വകുപ്പ് നടപടിയെടുത്ത് ഭൂമി തിരിച്ചുപിടിക്കുകയും ഔദ്യോഗിക ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ ബോർഡ് പിഴുതുമാറ്റിയാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും കയ്യേറ്റം നടന്നിരിക്കുന്നത്.
അപൂർവ്വ ജൈവവൈവിധ്യം നിറഞ്ഞ മൊട്ടക്കുന്നിലെ ജൈവ സമ്പത്തിനെ കീറിമുറിച്ച് കയ്യേറ്റക്കാർ കിലോമീറ്ററുകളോളം ദൂരത്തിൽ റോഡ് നിർമ്മിച്ചിട്ടുണ്ട്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി പാറ പൊട്ടിച്ചുകൊണ്ട് കുളവും മൊട്ടക്കുന്നുകൾക്ക് നടുവിലായി രണ്ട് ഷെഡ്ഡുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ഭൂമി വേലികെട്ടി തിരിച്ച് സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ മുതലെടുത്ത് റിസോർട്ട് മാഫിയക്ക് ഈ ഭൂമി മറിച്ചുവിൽക്കാനുള്ള നീക്കമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
വാഗമണ്ണിലെ ഇൻഡോ-സ്വിസ് പ്രൊജക്ട് അവസാനിച്ചപ്പോൾ സ്ഥലം കെ.എൽ.ഡി ബോർഡ്, വനം, ടൂറിസം എന്നീ വകുപ്പുകൾക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അളന്നുതിരിക്കുന്നതിലുണ്ടായ കാലതാമസമാണ് ഭൂമാഫിയയ്ക്ക് അനുഗ്രഹമായത്. പട്ടയ വിതരണത്തിന് പൂർണ്ണ വിലക്കുണ്ടായിരുന്ന 2001ൽ നാല് പ്രവാസി വ്യവസായികൾ നിയമവിരുദ്ധമായി ഭൂമിക്ക് പട്ടയം തരപ്പെടുത്തുകയായിരുന്നു. മൊട്ടക്കുന്നുകൾക്ക് പട്ടയം നൽകാനാവില്ലെന്ന നിയമം കാറ്റിൽപ്പറത്തിയായിരുന്നു അന്നത്തെ നടപടി.
ഭൂമി കയ്യേറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം. കോടികൾ വിലമതിക്കുന്ന ഭൂമി നഷ്ടപ്പെട്ടിട്ടും റവന്യൂ വകുപ്പ് മൗനം പാലിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

