വയനാട് ദുരന്തബാധിതരായ 555 പേരുടെ വായ്പാ കുടിശ്ശിക സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരായ 555 പേരുടെ വായ്പാകുടിശ്ശികയായ 18.75 കോടി രൂപ ഏറ്റെടുക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വയനാട് കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിന് ആവശ്യമായ 18,75,69,037.90 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ബാങ്കുകൾക്ക് നൽകാൻ കലക്ടർക്ക് അനുമതി നൽകും. സർക്കാർ ആവശ്യപ്പെട്ടിട്ടും ഹൈകോടതി ഇടപെട്ടിട്ടും വായ്പ എഴുതിത്തള്ളാൻ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലും വായ്പ എഴുതിത്തള്ളാൻ സഹായകരമായ ദുരന്തനിവാരണ വകുപ്പിലെ സെക്ഷൻ 13ലെ വ്യവസ്ഥ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനാലുമാണ് ഈ നടപടി.
കേരള ബാങ്ക് എഴുതിത്തള്ളിയതായി അറിയിച്ച 93.01 ലക്ഷം രൂപ അനുവദിക്കാൻ കലക്ടർ നടപടി സ്വീകരിക്കും. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈ 30 മുതൽ ഇതുവരെ ഈ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ വായ്പാബാധ്യതയിൽ പലിശ ഉൾപ്പെടുത്തിയിട്ടില്ല. ദുരിതബാധിതരുടെ സിബിൽ സ്കോറിനെ ബാധിക്കാത്ത രീതിയിൽ വായ്പാകുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ നടപ്പാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചേന്ന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വയനാട് കലക്ടർ സമർപ്പിച്ച പട്ടികയിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തിയെ പുതുതായി ഉൾപ്പെടുത്തേണ്ടിവന്നാൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണം, ധനവകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉന്നതതല സമിതിയെയും നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

