കുട്ടികളുടെ സുരക്ഷ: മാർഗനിർദേശം പുറപ്പെടുവിച്ചതായി സർക്കാർ
text_fieldsകൊച്ചി: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിങ്ങടക്കം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. വയനാട് സുൽത്താൻബത്തേരിയിലെ സർക്കാർ സ്കൂളിൽ 2019ൽ വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെതുടർന്ന് അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. വിദ്യാർഥികൾക്ക് പാമ്പുകടിയേൽക്കാനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനടക്കം ഏഴ് മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ അഡീ. ഡയറക്ടർ ഇറക്കിയ സർക്കുലറും ഹാജരാക്കി.
ശൗചാലയങ്ങളിൽ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം, സ്കൂളിൽ പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടായിരിക്കണം, പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാന പരിശീലനം നൽകണം, അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ തയാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായും പാമ്പിനെ കണ്ടാൽ ഒഴിവാക്കാൻ വനം വകുപ്പുമായും ഏകോപനമുണ്ടാക്കണം. ഇഴജന്തുക്കളുണ്ടോ എന്നറിയാൻ സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.
തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്ഥാപനം എന്നിവയുമായി ചേർന്ന് മോക് ഡ്രിൽ നടത്തണം തുടങ്ങിയവയാണ് നിർദേശങ്ങൾ. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂൾ മേധാവികളും മാനേജ്മെന്റും ഉറപ്പുവരുത്തണമെന്നും ജില്ല വിദ്യാഭ്യാസ അധികൃതർ ഇടക്കിടെ പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

