Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നിപ പ്രതിരോധത്തിൽ...

‘നിപ പ്രതിരോധത്തിൽ ഏകോപനമില്ല, സർക്കാറിന് ജാഗ്രതക്കുറവുണ്ടായി’ -പിണറായി വിജയൻ

text_fields
bookmark_border
‘നിപ പ്രതിരോധത്തിൽ ഏകോപനമില്ല, സർക്കാറിന് ജാഗ്രതക്കുറവുണ്ടായി’ -പിണറായി വിജയൻ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി നിലനിൽക്കെ, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചിതറിയ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അധികൃതരുടെ ആശയക്കുഴപ്പം ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികൃതരുടെ പ്രസ്താവനകളിൽ തന്നെ ഈ ഏകോപനമില്ലായ്മ വ്യക്തമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമർശിച്ചു.

"മുമ്പ് നിപ ബാധയുണ്ടായപ്പോൾ അന്നത്തെ യു.ഡി.എഫ് പ്രതിപക്ഷം അതിനെ രാഷ്ട്രീയ ആയുധമാക്കുകയാണുണ്ടായത്. അതുപോലെ ചെയ്യാൻ എൽ.ഡി.എഫ് രംഗത്തുണ്ടാകില്ല. നാടിനൊപ്പംനിന്ന് രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാവിധ സഹകരണവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകും." -പിണറായി വിജയൻ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തിൽ നിപ പ്രതിരോധത്തിൽ കാണിക്കുന്ന ജാഗ്രതക്കുറവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എൽ.ഡി.എഫ് ഭരണകാലത്ത് നിപ ബാധിച്ചപ്പോൾ അന്നത്തെ ആരോഗ്യമന്ത്രി കോഴിക്കോട് നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തിയിരുന്നത്. പകർച്ചവ്യാധികൾ പടരുമ്പോൾ ഏകോപനം തന്നെയാണ് ഏറ്റവും പ്രധാനമെന്നും നിലവിലെ യു.ഡി.എഫ് സർക്കാറിൽ ഗൗരവതരമായ സമീപനം കാണാനില്ലെന്നും വിമർശമുന്നയിച്ചു.

നിപ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ മാറിനിൽക്കണം എന്ന വിചിത്ര നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. മുൻകാലങ്ങളിൽ ജനപ്രതിനിധികളെ കൂടി പങ്കാളികളാക്കിയാണ് ശക്തമായ പ്രതിരോധം തീർത്തിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് ജനപ്രതിനിധികളെ ബോധപൂർവ്വം അകറ്റി നിർത്തുന്ന നടപടി ജനാധിപത്യത്തിന് എതിരാണെന്ന് പിണറായി വിജയൻ ആരോപിച്ചു. നിപ ഭീതി നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇങ്ങനെയൊരു നടപടി ഉണ്ടാകാറില്ല. മികച്ച ആരോഗ്യ സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാൻ ഡയറക്ടർ തയാറായിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ അനാവശ്യ സ്ഥലംമാറ്റത്തിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞുകിട്ടാത്തതും പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എ.കെ.ജി സെന്ററിൽ വാർത്ത സമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും, തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി. ഡി. സതീശൻ തയാറാകാത്തതിലുള്ള അതൃപ്തി സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentHealth DepartmentcriticismNipahPinarayi VijayanVD SatheesanLatest NewsKerala
News Summary - Government is working uncoordinatedly in Nipah prevention: Pinarayi Vijayan
Next Story