ദുരന്തം പാഠമായി; ആശുപത്രി കെട്ടിടങ്ങൾ ആരോഗ്യമുള്ളതാക്കാൻ സർക്കാർ
text_fieldsകൊച്ചി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നപടികളുമായി സർക്കാർ. ആരോഗ്യ മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ രണ്ട് ദിവസമായി ചേർന്ന അവലോകന യോഗമാണ് പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകിയത്. ഉപയോഗയോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ നൂറിലധികം കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കാനാണ് തീരുമാനം.
കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ആസൂത്രണ വിഭാഗം കണക്കെടുപ്പ് നടത്തിയിരുന്നു. ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പ്രവർത്തനം തുടരുന്ന കെട്ടിടങ്ങളുള്ളതായാണ് റിപ്പോർട്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിക്കും.
നിർമാണത്തിലുള്ളതും നിർമിക്കാനിരിക്കുന്നതുമായ കെട്ടിടങ്ങളിൽ സുരക്ഷ ഉറപ്പാക്കും. ഈ കെട്ടിടങ്ങളിൽ വയോജന സൗഹൃദ സംവിധാനങ്ങളും ഒരുക്കും. നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്തതും ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തതുമായ കെട്ടിടങ്ങളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഉദ്ഘാടനം വൈകുന്നതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള നിർദേശം. വൈദ്യുതി-കുടിവെള്ള കണക്ഷനുകൾ, തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റ്, അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും.
കോവിഡ് കാലത്ത് 140 നിയോജക മണ്ഡലങ്ങളിലും ഒന്ന് വീതം ഐസൊലേഷൻ വാർഡുകൾ നിർമിക്കാൻ ഫണ്ട് നൽകിയിരുന്നു. നിർമാണം പൂർത്തിയായ ഇവയിൽ പലതും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവ പനിബാധിതർക്കുള്ള ഒ.പി വിഭാഗവും വാർഡുകളുമാക്കി മാറ്റും. ഉദ്ഘാടനം കഴിഞ്ഞിട്ടും വെറുതെ കിടക്കുന്ന മറ്റ് കെട്ടിടങ്ങൾ ഉടൻ പ്രവർത്തനം തുടങ്ങും.
ഗുരുതര ബലക്ഷയം കണ്ടെത്തിയ കെട്ടിടങ്ങളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രവേശനം കർശനമായി തടയും. കെട്ടിട നിർമാണത്തിന്റെ ചുമതലയുള്ള ഏജൻസികൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

