പ്രളയമുണ്ടായാൽ നേരിടാൻ സജ്ജമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് പ്രളയമുണ്ടായാൽ നേരിടാൻ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. സൈന്യത്തിന്റെയും വ്യോമസേനയുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മതിയായ പരിശീലനം ലഭിച്ച 15,000 സിവിൽ ഡിഫൻസ് വളന്‍റിയർമാർ സേവനസന്നദ്ധരായി രംഗത്തുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിൽ ജൂണിലും പിന്നീട് കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തെ തുടർന്ന് ഹൈകോടതിയിൽ നിലവിലെ ഹരജികളിലാണ് സർക്കാറിന്‍റെ വിശദീകരണം. ആഗസ്റ്റ് ഒന്നുവരെയുള്ള കണക്കനുസരിച്ച് വയനാട്, കാസർകോട് ജില്ലകളിലൊഴികെ ഇത്തവണ മഴയുടെ തോത് കുറവാണെന്നും വ്യക്തമാക്കി.
മഴ കനക്കുന്ന സാഹചര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഹരജി രണ്ടാഴ്‌ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

