അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി സർക്കാർ മാറുന്നു -ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി ഇടതുസർക്കാർ മാറുന്നുവെന്ന് ഹൈകോടതി. ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ അഴിമതിയുണ്ടാകില്ലെന്ന പൊതുധാരണ ജനങ്ങൾക്കുണ്ട്. ഇതിൽ മാറ്റംവരുന്നത് പരിതാപകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണചെയ്യാൻ സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചത് ചോദ്യംചെയ്യുന്ന ഉപഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വാക്കാൽ വിമർശനം. കോടതി ഉത്തരവ് പോലും പരിഗണിക്കാതെ അപേക്ഷ തള്ളിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഉപഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
കശുവണ്ടി വികസന കോർപറേഷൻ 2006-15 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്. ഹൈകോടതി നിർദേശപ്രകാരം 2016ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. ആദ്യതവണ 2020 ഒക്ടോബർ 15നും രണ്ടാംതവണ 2025 മാർച്ച് 21നും മൂന്നാംതവണ 2025 ഒക്ടോബർ 28നുമാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.
നടപടിക്രമങ്ങളിലെ വീഴ്ചയാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നതെന്നും നടപടിയിൽ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗികപദവി ദുരുപയോഗമോ ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി പറയാനാകില്ലെന്നും വിലയിരുത്തിയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി മൂന്നാംതവണയും നിഷേധിച്ചത്. പ്രതികൾ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ഉണ്ടെന്നതിന് തെളിവില്ലാത്ത സാഹചര്യത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകാനാകില്ലെന്നുമായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.
അതേസമയം, എന്തിനാണ് സർക്കാർ ഈ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നതെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർ ആരാണ്, അവർ എവിടെയാണ്, ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ കാരണമെന്താണ്? കോടതിയലക്ഷ്യത്തിന് കാരണമാകുന്ന നടപടിയുണ്ടായിട്ടുള്ള വ്യക്തമായ കേസാണിത്. സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണ്. ഇക്കാര്യം ഏതെങ്കിലും ഉത്തരവിൽ എഴുതിയേക്കാമെന്നും വ്യക്തമാക്കിയാണ് കോടതി സർക്കാറിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

