കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. ഏപ്രിലിലെ ശമ്പളം മേയ് 18നും നൽകാനാകാതെ അനിശ്ചിതത്വം തുടരുകയും സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയുമടക്കം മാനേജ്മെന്‍റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത മന്ത്രി ആന്‍റണി രാജുവും ഫോൺ വഴി ആശയവിനിയമം നടത്തി. കെ.എസ്.ആർ.ടി.സിയുടെ കൈവശം ശമ്പളം നൽകാൻ എത്ര തുക നീക്കിയിരിപ്പുണ്ടെന്ന് ആരാഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന തുകക്കുള്ള വായ്പക്ക് സർക്കാർ ഈട് നിൽക്കുമെന്നാണ് വിവരം. ഇന്ധനത്തിനുള്ള തുക മാറ്റിവെച്ചാലേ ശമ്പള വിഹിതം കണ്ടെത്താനാകൂ.
നേരത്തേ ശമ്പളവിതരണത്തിന് തുക കണ്ടെത്താൻ വായ്പ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സർക്കാർ ഗാരന്‍റി നിന്നാലേ നൽകാനാകൂവെന്ന നിലപാടിലായിരുന്നു കെ.ടി.ഡി.എഫ്.സി അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ. സർക്കാർ ഈട് നിൽക്കാൻ തയാറാകാതായതോടെ വായ്പകളിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളും പിന്മാറിയിരുന്നു. മേയ് 10ഓടെ ശമ്പളം നൽകാനുള്ള നീക്കങ്ങൾ പാളിയതും ഇങ്ങനെയാണ്. ജീവനക്കാരുടെ പണിമുടക്ക് കൂടി നടന്നതോടെ സർക്കാറും അൽപമൊന്ന് മെല്ലെപ്പോക്കിലായി.
എന്നാൽ, പ്രതിസന്ധി ഗുരുതരമാവുകയും കാര്യങ്ങൾ കൈവിടുന്നനിലയിൽ എത്തുകയും ചെയ്തതോടെയാണ് സർക്കാർ ഇടപെടൽ. ധനമന്ത്രിയും ഗതാഗതമന്ത്രിയും കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗം നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് തിരക്കിട്ട നീക്കങ്ങൾ. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്. ശമ്പളവിതരണത്തിനുള്ള മുഴുവൻ തുകയും നൽകാനാകില്ലെന്ന് നേരത്തേതന്നെ ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ വായ്പ തരപ്പെട്ടാൽ ശനിയാഴ്ചയോടെ ശമ്പളം ഭാഗികമായെങ്കിലും നൽകാനാണ് നീക്കം. വിദേശത്തുള്ള സി.എം.ഡി ബിജുപ്രഭാകർ വ്യാഴാഴ്ച മടങ്ങിയെത്തും. അതേസമയം, എല്ലാ മാസവും അഞ്ചിനകം ശമ്പളം വിതരണം ചെയ്യണമെന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സി.ഐ.ടി.യു അനിശ്ചിതകാല പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വെള്ളിയാഴ്ച ട്രാൻസ്പോർട്ട് ഭവനിൽ പ്രതിഷേധ സംഗമവും അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

