വകുപ്പുകൾ ഒന്നിക്കുന്നു; 2030 ഓടെ പാമ്പുകടി മരണം ഇല്ലാതാക്കും!
text_fieldsതിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങളും ശാരീരിക വൈകല്യങ്ങളും 2030 ഓടെ പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സമഗ്രമായ കർമപദ്ധതിക്ക് രൂപം നൽകി. പാമ്പു കടിയെ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്തെത്തിയത്. ആരോഗ്യം, വനം, തദ്ദേശം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ സമീപനമാണ് പദ്ധതിയുടെ അടിസ്ഥാനം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ലഭ്യമാക്കൽ, റഫറൽ ശൃംഖല ശക്തിപ്പെടുത്തൽ, അടിയന്തര ചികിത്സ സംവിധാനം വികസിപ്പിക്കൽ, ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം എന്നിവക്ക് മുൻഗണന നൽകും. പാമ്പുകടി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെത്താൻ ആരോഗ്യ, വനം വകുപ്പുകളുടെ വിവരങ്ങൾ സംയോജിപ്പിച്ച് ഹോട്ട്‌സ്പോട്ട് മാപ്പിങ് നടത്തും.
24 മണിക്കൂറും പ്രവർത്തിക്കുന്ന പാമ്പുകടി ഹെൽപ് ലൈൻ, വിദഗ്ധരുടെ വാട്സ് ആപ്പ് പിന്തുണ, ആംബുലൻസ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾവരെ ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ലബോറട്ടറി പരിശോധന ശേഷിയും വർധിപ്പിക്കും.
സ്കൂളുകളിലും അംഗൻവാടികളിലും പാമ്പുകടി സുരക്ഷ മാർഗനിർദേശങ്ങൾ നടപ്പാക്കും. പരിസരശുചീകരണം, കെട്ടിടങ്ങളുടെ സുരക്ഷ, അധ്യാപക-വിദ്യാർഥി പരിശീലനം, അടിയന്തര പ്രതികരണ സംവിധാനം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഭാഗവും കർമപരിപാടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

