ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സർക്കാർ; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് 35 ദിവസമായി സമരം തുടരുന്ന ആശാവർക്കറുമാരുടെ ഒരാവശ്യം കൂടി സർക്കാർ അംഗീകരിച്ചു. ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുഛമായ ഓണറേറിയമാണ് ലഭിക്കുന്നതെന്നായിരുന്നു സമരക്കാരുടെ പരാതി.
സമരം തുടങ്ങിയ ശേഷം സർക്കാർ ഓണറേറിയവും ഇൻസന്റീവ് കുടിശ്ശികയും അനുവദിച്ചിരുന്നു. അതിനു പിന്നാലെയാണ് മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനയും പെൻഷനും സർക്കാർ അംഗീകരിച്ചിട്ടില്ല.
ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചിയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിക്കുന്ന ഉത്തരവാണ് പുറത്തിറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നായിരുന്നു ആശമാരുടെ പ്രതികരണം. എന്നാൽ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.
36ാം ദിവസമായി തുടരുന്ന രാപ്പകൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ ആശമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. പ്രതിഷേധം വൈകീട്ട് ആറുമണി വരെ തുടരാനാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം സമരക്കാർ ഉപരോധിച്ചു. ഗേറ്റുകളെല്ലാം അടച്ചുപൂട്ടി സെക്രട്ടേറിയേറ്റിനു ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് തീർത്തിരിക്കുന്നത്. ആശവർക്കർമാരുടെ സമരത്തെ പിന്തുണക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.