വന്യജീവി ആക്രമണം തടയാൻ സർക്കാറിന് ബാധ്യതയുണ്ട്; ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്നും ഹൈകോടതി
text_fieldsകൊച്ചി: വന്യജീവി ആക്രമണം തടയാനും ഇരയാകുന്നവർക്ക് സംരക്ഷണം നൽകാനും സർക്കാറിന് ബാധ്യതയുണ്ടെന്ന് ഹൈകോടതി. വന്യജീവികളെ സംരക്ഷിക്കുന്നതോടൊപ്പം പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കണം. ജനവാസ കേന്ദ്രങ്ങളും കാർഷിക വിഭവങ്ങളും വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാറിന് ഒളിച്ചോടാനാവില്ലെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിൽ സ്ഥിരവൈകല്യം സംഭവിച്ച വയനാട് വൈത്തിരി തരിയോട് സ്വദേശിയായ കർഷകൻ വി.കെ. സാബുവിന് 5,37,030 രൂപ എട്ടുശതമാനം പലിശസഹിതം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് ശരിവെച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. 2017 ജൂലൈ അഞ്ചിന് പുലർച്ചെ വീട്ടുമുറ്റത്തുവെച്ച് സാബു മൂന്ന് കാട്ടാനകളുടെ ആക്രമണത്തിനിരയാവുകയായിരുന്നു. വനം വകുപ്പ് 75,000 രൂപ മാത്രമാണ് നൽകിയത്. ചികിത്സക്കും മറ്റുമായി അഞ്ചു ലക്ഷത്തിലധികം രൂപ ചെലവായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ ഹരജി അനുവദിച്ചാണ് 5.37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2021 മാർച്ച് 31ന് കൽപ്പറ്റ മുൻസിഫ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീൽ സെഷൻസ് കോടതിയും തള്ളി. തുടർന്നാണ് വനം വകുപ്പ് ഹൈകോടതിയെ സമീപിച്ചത്.
ആക്രമത്തിനിരയാവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന 1980ലെ ചട്ടപ്രകാരമുള്ള തുക നൽകിയെന്നും അതിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നുമായിരുന്നു വനം വകുപ്പിന്റെ വാദം. വന്യമൃഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ല. വനാതിർത്തിയിൽ താമസിക്കുന്നവർക്കുനേരെയുള്ള ആക്രമണങ്ങൾ തടയാൻ സാധ്യമായ നടപടികൾ സ്വീകരിച്ചെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. കോടതി ഇത് അംഗീകരിച്ചില്ല. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വേലിയും ട്രഞ്ചുകളും ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തി. തുടർന്ന് വനം വകുപ്പ് സമർപ്പിച്ച അപ്പീൽ ഹരജി തള്ളി.
നഷ്ടപരിഹാരം ഇരട്ടിയാക്കി; വർധന 10 വർഷത്തിനുശേഷം
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ചു. 10 വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിനുമുമ്പ് 2015ലായിരുന്നു പരിഷ്കരണം.
പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകിവരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണമായും ഒഴിവാക്കി. കൃഷിനാശത്തിന് പുറമെ കാർഷികോൽപന്നങ്ങളായ തേങ്ങക്ക് ഒന്നിന് 15 രൂപ നിരക്കിലും കൊക്കോക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. മുമ്പ് തെങ്ങോ കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളൂ.
വന്യജീവി ആക്രമണംമൂലം കൃഷിനാശമോ ഉൽപന്ന നാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചക്കകം ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ റിപ്പോർട്ട് ചെയ്യണം.കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറുമാസത്തിനകം ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണയ പരിശോധനകളും പഴയതുപോലെ തുടരും.

