സർക്കാർ-ഗവർണർ സൗഹൃദം പൊളിഞ്ഞു; ഇനി പരസ്യ ഏറ്റുമുട്ടൽ
text_fieldsപിണറായി വിജയൻ, രാജേന്ദ്ര ആർലെക്കർ
തിരുവനന്തപുരം: സർവകലാശാലകളിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള രാജ്ഭവൻ ശ്രമം സർക്കാറും ഗവർണറും തമ്മിലെ പരസ്യ ഏറ്റുമുട്ടലിന് വഴിതുറക്കുന്നു. കേരള സർവകലാശാല രജിസ്ട്രാർക്കും സിൻഡിക്കേറ്റിനുമെതിരെ നടപടി വന്നാൽ ഗവർണർക്കെതിരെ സർക്കാറും സി.പി.എമ്മും നിലപാട് കടുപ്പിക്കും. ഫലത്തിൽ ഇടവേളക്ക് ശേഷം സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
സർവകലാശാലകളിൽ കൈകടത്തുന്നതിനെച്ചൊല്ലി സർക്കാറുമായി ഏറ്റുമുട്ടിയ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശേഷം വന്ന രാജേന്ദ്ര ആർലെക്കറുമായി സർക്കാർ തുടക്കത്തിൽ സൗഹൃദം സ്ഥാപിച്ചിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ ‘ബ്രേക്ക് ഫാസ്റ്റ് നയതന്ത്ര’ത്തിൽ വരെ ഗവർണർ പങ്കാളിയായി. ഗവർണറുമായി നേരിട്ട് ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും.
എന്നാൽ, പ്രഖ്യാപിത ആർ.എസ്.എസുകാരനായ ഗവർണർ ചാൻസലർ പദവിയുടെ ബലത്തിൽ സർവകലാശാലകളിൽ പിടിമുറുക്കിയതോടെ സർവകലാശാല സിൻഡിക്കേറ്റുകളെ മുന്നിൽനിർത്തി സർക്കാറിന് പ്രതികരിക്കേണ്ടിവന്നു. അപ്പോഴും സർക്കാറും ഗവർണറും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിരുന്നില്ല. കേരള സർവകലാശാല ലക്ഷ്യമിട്ട് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ മുൻനിർത്തി രാജ്ഭവൻ നടത്തിയ നീക്കങ്ങളാണ് ഒളിയുദ്ധം മതിയാക്കാൻ സർക്കാറിനെയും പാർട്ടിയെയും നിർബന്ധിതമാക്കിയത്.
ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിക്കുന്നതിനെതിരെ രണ്ട് മന്ത്രിമാർ രംഗത്തുവന്നപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറെ പങ്കെടുപ്പിച്ച് ഭാരതാംബ ചിത്രം സ്ഥാപിച്ചുള്ള പരിപാടി നടത്തിയതോടെയാണ് സംഘർഷ സാഹചര്യമൊരുങ്ങിയത്. പിന്നാലെ രാജ്ഭവൻ തിരക്കഥയിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതോടെയാണ് തുറന്ന പോരിനിറങ്ങാൻ സർക്കാർ നിർബന്ധിതമായത്.
പിന്നാലെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ രംഗത്തുവന്നു. വൈസ്ചാൻസലറെ തള്ളി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് തിരികെ പ്രവേശിപ്പിച്ചതോടെ രാജ്ഭവനും പുതിയ പോർമുഖം തുറക്കാനൊരുങ്ങുകയാണ്.
സർവകലാശാല നിയമപ്രകാരം ചാൻസലർക്കുള്ള സവിശേഷ അധികാരം വിനിയോഗിച്ച് രജിസ്ട്രാർക്കെതിരെയും സിൻഡിക്കേറ്റിനെതിരെയും നടപടിയെടുക്കാനുള്ള വഴിയിലാണ് രാജ്ഭവൻ. അങ്ങനെ സംഭവിച്ചാൽ രാജ്ഭവനെതിരെ സി.പി.എം നേരിട്ടിറങ്ങും. ഗവർണർക്കെതിരെയുള്ള നിയമപോരാട്ടത്തിനും സർവകലാശാല സംവിധാനങ്ങളെ മുൻനിർത്തി പാർട്ടിയും സർക്കാറും നിർബന്ധിതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

