വനിതാ വികസന കോര്‍പ്പറേഷന് 100 കോടിയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി
text_fieldsതിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നു വായ്പ സ്വീകരിക്കുന്നതിനാണ് അധികമായി സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഇതോടെ 845.56 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റിയാണ് കോര്‍പ്പറേഷന് ലഭിക്കുന്നത്.
ഇത് വനിത വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കും. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാളും 4000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11,766 വനിതകള്‍ക്ക് 165.05 കോടി രൂപ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7115 വനിതകള്‍ക്ക് 109 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി നല്‍കി വരുന്ന സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ് വനിത വികസന കോര്‍പ്പറേഷന്‍.
ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 605.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോര്‍പ്പറേഷന് അനുവദിച്ചു നല്‍കി. ഇതുകൂടാതെയാണ് 100 കോടിയുടെ അധിക ഗ്യാരന്റി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

