വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന ധനസഹായം തുടരും
text_fieldsകെ. രാജൻ
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന ധനസഹായം തുടരും. റവന്യുമന്ത്രി കെ.രാജനാണ് ധനസഹായം തുടരുമെന്ന് അറിയിച്ചത്. ഈ മാസം തന്നെ ഇതുസംബന്ധിച്ച് ഉത്തരവിറക്കും. ദുരിതബാധിതർക്ക് ആശങ്ക വേണ്ടെന്നും കെ.രാജൻ പറഞ്ഞു. പുതിയ വീടുകൾ ലഭിക്കുന്നത് വരെ 9,000 രൂപയുടെ ധനസഹായം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ധനസഹായം ഇടക്ക് നീട്ടിയിരുന്നു. ഡിസംബർ വരെയായിരുന്നു ധനസഹായം നീട്ടിയത്.
അതേസമയം, പുനരധിവാസത്തിന്റെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ 2026 ജനുവരി 14 വരെയുള്ള പുരോഗതി റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുനരധിവാസത്തിന് അർഹരായ 402 കുടുംബങ്ങളിൽ 295 പേരും ടൗൺഷിപ്പിലെ വീടെന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തിരുന്നത്. ടൗൺഷിപ്പിലെ വീടിന് പകരം ധനസഹായം തെരഞ്ഞെടുത്ത 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം കൈമാറി. ഇതിനായി CMDRF, SDRF എന്നിവയിൽ നിന്ന് ആകെ 15.60 കോടി രൂപ ചെലവഴിച്ചു. വീടുകൾ തയാറാകുന്നത് വരെ ദുരിതബാധിതർ താമസിക്കുന്ന വീടുകളുടെ വാടകയും സർക്കാർ കൃത്യമായി വിതരണം ചെയ്തതായി പുരോഗതി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ വാടക ഇനത്തിൽ ആകെ 5,91,06,200 രൂപ വിതരണം ചെയ്തു. ഡിസംബർ മാസത്തിൽ 425 കുടുംബങ്ങളാണ് വാടക സഹായം കൈപ്പറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

