എ.ഡി.ജി.പിക്കെതിരായ നടപടി: ഒടുവിൽ ‘മുഖംരക്ഷിച്ച്’ സർക്കാർ
text_fieldsഎ.ഡി.ജി.പി എം.ആർ. അജിത്കുമാർ
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനക്കേസ്’ അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ സസ്പെൻഷൻ നടപടിയെടുത്ത് ‘മുഖം രക്ഷിച്ച്’ യു.ഡി.എഫ് സർക്കാർ. എൽ.ഡി.എഫ് സർക്കാറിന്‍റെ വിശ്വസ്തനായിരുന്ന അജിത്കുമാറിനെ രക്ഷിക്കാൻ യു.ഡി.എഫ് സർക്കാറും ശ്രമിക്കുന്നെന്ന നിലയിലുള്ള പ്രചാരണമാണ് നടന്നത്. നടപടി വൈകുന്നതിൽ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉയർന്നിരുന്നു. നടപടി ആവശ്യപ്പെട്ട് ‘ഇരകളായ’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ഉൾപ്പെടെ കാണാനിരിക്കെയാണ് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ കോടതി നിർദേശം നടപ്പാക്കാതെ കേസ് ഡയറി തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. തങ്ങളുടെ കുട്ടികളെ മർദിച്ചത് മറക്കില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും വി.ഡി. സതീശൻ ആവർത്തിച്ചിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ അധികാരത്തിലേറി ആദ്യ മന്ത്രിസഭ യോഗത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നൽകിയത്. എസ്.പി. ഷൗക്കത്തിലുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി വളരെ വേഗത്തിൽ അന്വേഷണം നടത്തി സുരക്ഷ ഉദ്യോഗസ്ഥരായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇവർക്കെതിരെ സർക്കാർ സസ്പെൻഷൻ നടപടിയും സ്വീകരിച്ചു. അതിന് പിന്നാലെയാണ് കേസ് ഡയറി അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ പങ്ക് അന്വേഷിക്കാനുള്ള നീക്കത്തിലേക്ക് എസ്.ഐ.ടി നീങ്ങിയത്. അതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 23ന് എസ്.ഐ.ടി എ.ഡി.ജി.പി ഉൾപ്പെടെ അന്വേഷണോദ്യോഗസ്ഥർക്കെതിരെ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിരുന്നു.
എന്നാൽ നിയമവശങ്ങളും റിപ്പോർട്ടും പരിശോധിച്ച ശേഷം വ്യക്തത തേടി ഡി.ജി.പി റവഡ ചന്ദ്രശേഖർ റിപ്പോർട്ട് മടക്കി. ഇത് ഈമാസം 31ന് ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന തസ്തികയിൽ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയർന്നു. ശരവേഗത്തിൽ റിപ്പോർട്ടിൽ വ്യക്തത വരുത്തി എസ്.ഐ.ടി തുടരന്വേഷണ റിപ്പോർട്ട് കൈമാറിയതോടെ ആഭ്യന്തരവകുപ്പ് സമ്മർദത്തിലായി. അതിന്‍റെ അടിസ്ഥാനത്തിൽ ഡി.ജി.പി എ.ഡി.ജി.പിയുടെ വിശദീകരണം തേടി. അജിത്കുമാർ നൽകിയ വിശദീകരണം തള്ളിയാണ് ഡി.ജി.പി ബുധനാഴ്ച ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറിയത്.
ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയയുടൻ ആഭ്യന്തര സെക്രട്ടറി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തത്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് സസ്പെൻഷനിലേക്ക് കാര്യങ്ങൾ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

