സർക്കാർ ജീവനക്കാരുടെ സ്ത്രീധനവിരുദ്ധ സാക്ഷ്യപത്രം: വ്യവസ്ഥ നിർബന്ധമാക്കിയതായി സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സർക്കാർ ജീവനക്കാർ വിവാഹത്തിന് ഒരു മാസം മുമ്പ് സ്ത്രീധനവിരുദ്ധ സാക്ഷ്യപത്രം നൽകണമെന്ന വ്യവസ്ഥ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ ഹൈകോടതിയിൽ. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി സ്ഥാപന മേധാവികൾ സൂക്ഷിക്കണമെന്ന് ജൂലൈ 16ന് പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് വനിത ശിശു വികസന ഡയറക്ടർ ടി.വി. അനുപമ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സ്ത്രീധനവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജില്ലകൾതോറും ഒാഫിസർമാരെയും സംസ്ഥാനതലത്തിൽ ചീഫ് ഒാഫിസറെയും നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധന നിരോധനനിയമവും ചട്ടങ്ങളും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി ഡോ. ഇന്ദിര രാജൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
സ്ത്രീധന നിരോധന പ്രവർത്തനങ്ങളിൽ ജില്ലതലത്തിൽ പ്രവർത്തിക്കാൻ തയാറുള്ള സംഘടനകളിൽനിന്ന് ജൂലൈ 15ന് അപേക്ഷ ക്ഷണിച്ചിരുന്നതായി വിശദീകരണത്തിൽ പറയുന്നു. നടപടി ഇൗ മാസം പൂർത്തിയാക്കും. വനിത ശിശുവികസന ഡയറക്ടറാണ് ചീഫ് ഒാഫിസർ. നവംബർ 26 സ്ത്രീധന വിരുദ്ധ പ്രചാരണദിനമായി ആചരിക്കും. അന്നേ ദിവസം ഹൈസ്കൂൾ, ഹയർ സെക്കൻഡറി, -കോളജ് വിദ്യാർഥികൾ പ്രതിജ്ഞ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് പരാതികളാണ് ലഭിക്കുന്നത്. വിവരങ്ങൾ വെളിപ്പെടുത്താനുള്ള താൽപര്യക്കുറവാണ് ഇത് വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

