ദാരിദ്ര്യമല്ല, അതിദാരിദ്ര്യമാണ് സർക്കാർ ഇല്ലാതാക്കിയത് -മന്ത്രി എം.ബി. രാജേഷ്
text_fieldsമന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: ദാരിദ്ര്യമല്ല അതിദാരിദ്ര്യമാണ് സർക്കാർ ഇല്ലാതാക്കിയതെന്നും അതിന്‍റെ പ്രഖ്യാപനമാണ് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കന്നതെന്നും മന്ത്രി എം.ബി. രാജേഷ്. ഇതുവരെയും ഒരു സർക്കാർ പദ്ധതിയുടെയും ഗുണഭോക്താക്കളാവാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കിയത്. ഇവരിൽ മിക്കവരും തിരിച്ചറിയിൽ രേഖകൾ പോലുമില്ലാത്തവരാണ്. നാലോ, അഞ്ചോ വിദഗ്ദരുൾപ്പെടുന്ന സമിതിയല്ല ജനപങ്കാളിത്തത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട സർവെയടക്കം പൂർത്തിയാക്കിയത്. എന്നാൽ ഇക്കാര്യമൊന്നും മനസിലാക്കാതെയാണ് വിദഗ്ധർ രാഷ്ട്രീയ പ്രചാരവേലയുടെ വക്താക്കളായി ദുസൂചനയോടെ വിമർശനം ഉന്നയിക്കുന്നതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളം അതിദാരിദ്ര്യമുക്തമായതിന്‍റെ ക്രെഡിറ്റ് നരേന്ദ്രമോദിക്കാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇന്ത്യമൊത്തമായി അതിദരിദ്രമുക്തമാക്കിയാണ് ആ ക്രെഡിറ്റ് എടുക്കേണ്ടത്. ഒരു സുപ്രഭാതത്തിലുണ്ടായ പദ്ധതിയല്ല ഇത്. രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനമാണിത്. വിശദ മാർഗരേഖ പുറത്തിറക്കിയാണ് ആരാണ് അതിദരിദ്രർ എന്നടക്കം നിർവചിച്ചത്. വിമർശനമുന്നയിക്കുന്നാർ എന്തുകൊണ്ടാണ് ഇക്കാലമത്രയും ചോദ്യങ്ങളുന്നയിക്കാതിരുന്നതെന്നും മന്ത്രി ചോദിച്ചു.
തദ്ദേശ സ്ഥാപന തലത്തിൽ നടത്തിയ വിവര ശേഖരണത്തിലൂടെ 1,18,309 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. 58,964 ഫോക്കസ് ഗ്രൂപ്പുകൾ ഈ പട്ടികയിൽ ചർച്ച നടത്തി. വാർഡ് സമിതികളുടെ ശിപാർശയോടെ ഇത് 87,158 കുടുംബങ്ങളായി കുറഞ്ഞു. ഈ കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് വഴി നേരിട്ട് പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 20 ശതമാനം സൂപ്പർ ചെക്കിന് വിധേയമാക്കി. അങ്ങനെ 73,747 പേരുടെ മുൻഗണന പട്ടിക തയാറാക്കി. ഈ പട്ടിക ഗ്രാമസഭയില വതരിപ്പിച്ച് അതിൽ നിന്നാണ് 64,006 കുടുംബങ്ങളെ ഗുണഭോക്താക്കളായി കണ്ടെത്തിയത്.
ഇതിൽ 4,677 കുടുംബങ്ങൾക്ക് വീട് നൽകി. 2,713 കുടുംബങ്ങൾക്ക് വസ്തുവും വീടും നൽകി. 5,646 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണത്തിന് രണ്ടുലക്ഷം രൂപ വീതം സഹായവും 4,394 കുടുംബങ്ങൾക്ക് വരുമാനവും ഉറപ്പാക്കി. ഒരു രേഖയും കൈയിൽ ഇല്ലാതിരുന്ന കുടുംബങ്ങൾക്ക് അവകാശ രേഖകളും ലഭ്യമാക്കി. 20,648 പേർക്ക് ഭക്ഷണം നൽകുന്നു. ഇതിൽ 18,438 പേർക്ക് ഭക്ഷ്യ കിറ്റും 2,210 പേർക്ക് പാചകം ചെയ്ത ഭക്ഷണവും നൽകുന്നു. 85,271 പേർക്ക് മരുന്നും 5,777 പേര്‍ക്ക് പാലിയേറ്റിവ് പരിചരണവും നൽകുന്നുണ്ട്. ഏഴുപേർക്ക് അവയവമാറ്റ ശസ്ത്രക്രിയനടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

