യോഗേഷിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ നിയമസഭയിലും ‘ഉത്തരംമുട്ടി’ സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡി.ജി.പി യോഗേഷ് ഗുപ്തക്ക് കേന്ദ്ര നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ നിയമസഭയിലും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിനും ഉത്തരമില്ല. യോഗേഷ് ഗുപ്തക്ക് സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ലീഗ് എം.എൽ.എ എൻ. ഷംസുദ്ദീനാണ് സഭയിൽ ചോദ്യം ഉന്നയിച്ചത്. എന്നാൽ, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
വിജിലൻസ് മേധാവിയായിരിക്കെ, ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം എന്നിവരടക്കം സർക്കാറിന് വേണ്ടപ്പെട്ട ഏഴുപേർക്കെതിരെയും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി ഇടപാടുകളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി തേടാതെ നേരിട്ട് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതാണ് യോഗേഷ് ഗുപ്തയെ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാക്കിയത്.
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പ്രത്യേക സംഘം തയ്യാറാക്കിയ ക്ലീൻചിറ്റിൽ ഒപ്പുവെക്കാൻ ആദ്യം അദ്ദേഹം തയ്യാറാകാത്തതും അപ്രീതിക്ക് കാരണമായി. ഇതേതുടർന്ന് വിജിലൻസിൽ നിന്ന് അദ്ദേഹത്തെ ഫയർഫോഴ്സിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ തഴഞ്ഞതോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലപ്പത്തേക്കുള്ള നിയമത്തിന് വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് യോഗേഷ് ആവശ്യപ്പെട്ടു. എന്നാൽ, പ്രതികാര നടപടിയുടെ ഭാഗമായി റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഇതിനെതിരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും അദ്ദേഹം പരാതി നൽകിയെങ്കിലും സർക്കാർ മുഖം തിരിച്ചു.
സി.ബി.ഐയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലി ചെയ്തിട്ടുള്ള യോഗേഷിനെ ഈ ഏജൻസികളുടെ തലപ്പത്ത് എത്തിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 13 തവണ ഇ-മെയിൽ മുഖാന്തരവും അല്ലാതെയും വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൈമലർത്തുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ചെങ്കിലും രഹസ്യസ്വഭാവത്തിലുള്ളതിനാൽ നൽകാൻ കഴിയില്ലെന്നായിരുന്നു പൊലീസ് ആസ്ഥാനത്തുനിന്ന് യോഗേഷിന് ലഭിച്ച മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

