സർക്കാർ ഡാറ്റ വിൽക്കാം; ഡാറ്റ നയത്തിന്റെ കരടായി
text_fieldsതിരുവനന്തപുരം: സർക്കാർ ശേഖരിക്കുന്ന ഡാറ്റ സ്വകാര്യ ആവശ്യക്കാർക്ക് പ്രതിഫലം ഈടാക്കി കൈമാറുന്നതിന് സംവിധാനം വരുന്നു. ഇതിനായി ‘സ്റ്റേറ്റ് ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം’ രൂപവത്കരണം അടക്കമുള്ള നിർദേശങ്ങളടങ്ങുന്ന സംസ്ഥാന ഡാറ്റ നയത്തിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. വ്യക്തി വിവരങ്ങൾ നീക്കംചെയ്ത ഡാറ്റ വ്യവസായങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവക്ക് ഫീസ് ഈടാക്കി വിൽക്കാമെന്ന നിർദേശമാണ് കരട് നിർദേശത്തിലുള്ളത്.
പൊതുപണം ഉപയോഗിച്ചു ശേഖരിക്കുന്ന സർക്കാർ ഡാറ്റ പങ്കുവെക്കാനും കൈകാര്യം ചെയ്യാനും വിൽപനയിലൂടെ വരുമാനം കണ്ടെത്താനുമാണ് ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഭരണം, ദുരന്ത നിവാരണം, നയരൂപവത്കരണം, ഗവേഷണം, സ്റ്റാർട്ടപ് രംഗത്തെ മുന്നേറ്റം എന്നിവക്ക് സഹായകമാകുന്ന വിധം ഏകീകൃത സംവിധാനത്തിലൂടെ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് നയത്തിൽ വിഭാവന ചെയ്യുന്നത്. ഇതിലെ ഡാറ്റ വിൽപന സംബന്ധിച്ച നീക്കം സ്വകാര്യ വിവരങ്ങളുടെ ചോർച്ചക്ക് കാരണമാകുമെന്ന വിമർശനം ഉയരുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ ശേഖരിക്കുന്ന ഡാറ്റ പരസ്പരം പങ്കുവക്കും. ഇങ്ങനെയുള്ള ഡാറ്റ ശേഖരിക്കാനും തരംതിരിക്കാനും സുരക്ഷിതമായി പങ്കുവക്കാനുമാണ് ‘സ്റ്റേറ്റ് ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം’ രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്നത്. ഇതോടെ വിവിധ സർക്കാർ വകുപ്പുകളിൽ ചിതറികിടക്കുന്ന ഡാറ്റ കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരാനാകും. അതോടെ അടിയന്തിരഘട്ടങ്ങളിലടക്കം അവ എളുപ്പത്തിൽ ക്രോഡീകരിച്ച് വിനിയോഗിക്കൽ സാധ്യമാകും.
ഓരോ വകുപ്പിലും ചീഫ് ഡാറ്റ ഓഫിസറെ നിയമിച്ചാകും ഡാറ്റാ സെറ്റുകൾ തയാറാക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്. വിവിധ ആപ്ലിക്കേഷനുകൾക്കു പരസ്പരം പ്രവർത്തിക്കാൻ കഴിയുന്നവിധം വകുപ്പുകൾ എ.പി.ഐകൾ വികസിപ്പിക്കേണ്ടി വരും. അംഗീകൃത ഉപയോക്താക്കൾക്ക് മാത്രം സുരക്ഷിതമായി ഡാറ്റ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ‘ആക്സസ് മാനേജ്മെന്റ് സിസ്റ്റം’ നടപ്പാക്കും. സർക്കാർ ഏജൻസികൾ ശേഖരിച്ചതോ ഉൽപാദിപ്പിച്ചതോ ആയ ഡാറ്റയെ പബ്ലിക്, ഇന്റേണൽ, രഹസ്യസ്വഭാവമുള്ളവ എന്നിങ്ങനെ മൂന്നായിതിരിക്കും. ആർക്കും നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകുന്നവ പബ്ലിക് വിഭാഗത്തിൽ പെടുത്തും. വ്യക്തിപരമോ പ്രാധാന്യമുള്ളതോ ആയ വിവരങ്ങൾ ഇതിലുണ്ടാകില്ല. അനുമതിയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്നവയെ ഇന്റേണൽ വഭാഗത്തിൽ പെടുത്തും. ഇവ ഔദ്യോഗിക ആവശ്യങ്ങൾക്കായി പങ്കുവെക്കാം. അതീവ പ്രാധാന്യമുള്ളവയും സ്വകാര്യത, സുരക്ഷ, നിയമപരമായ കാരണങ്ങളാൽ സംരക്ഷിക്കപ്പെട്ടവയും രഹസ്യസ്വഭാവമുള്ള വിഭാഗത്തിൽ പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

