പകല് ലഭിക്കുന്ന സൗരോര്ജ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാന് കഴിയുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം പരിഗണനയിൽ
text_fieldsതിരുവനന്തപുരം: അഞ്ചുവര്ഷം കൊണ്ട് സംസ്ഥാനത്ത് 10,000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നത് അടക്കമുള്ള സമഗ്ര വൈദ്യുതി നയം വൈകാതെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില് പറഞ്ഞു.
കൂടുതല് വ്യവസായ സ്ഥാപനങ്ങളും പദ്ധതികളും വരുന്നതിനനുസരിച്ച് 5,000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഇനി അധികമായി സംസ്ഥാനത്തിന് 2030 ഓടെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പകല് ഉൽപാദിപ്പിക്കുന്ന സൗരോര്ജ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാന് കഴിയുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്.
കെ.എസ്.ഇ.ബി ശക്തിപ്പെടുത്തി പൊതുമേഖലയില് നിലനിര്ത്താനുള്ള പ്രഖ്യാപനവും വൈദ്യുതി നയത്തിലുണ്ടാകും. സ്വകാര്യവത്കരണം ആലോചനയിലില്ല. സംസ്ഥാന സര്ക്കാറുകളുമായും പൊതുമേഖല സ്ഥാപനങ്ങളുമായി മാത്രമേ വൈദ്യുതി കരാര് ഉണ്ടാക്കുകയുള്ളു. കഴിഞ്ഞ 10 വര്ഷം കൊണ്ട് 152 മെഗാവാട്ട് വൈദ്യുതി മാത്രമാണ് അധികമായി ഉൽപാദിപ്പിക്കാന് കഴിഞ്ഞത്.
മണിയാർ പദ്ധതി സർക്കാർ ഉടമസ്ഥതയിലാക്കും -സണ്ണി ജോസഫ്
തിരുവനന്തപുരം: ഹൈകോടതി വിധിയും ഉന്നതതല സമിതി റിപ്പോർട്ടും പരിഗണിച്ച് മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കാൻ ഉചിത നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ താൽപര്യം പൂർണമായും സംരക്ഷിച്ചുകൊണ്ട് പദ്ധതി സർക്കാറിന്റെ ഉടമസ്ഥതയിലാക്കുമെന്ന് പഴകുളം മധുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
2024 ഡിസംബർ 31ന് കരാർ കാലാവധി അവസാനിച്ച പദ്ധതി, കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനി കെ.എസ്.ഇ.ബിക്ക് കൈമാറേണ്ടതാണ്. കരാർ കാലാവധി നീട്ടണമെന്ന കമ്പനിയുടെ അഭ്യർഥന 2026 മാർച്ച് 14ലെ മന്ത്രിസഭാ യോഗം പരിശോധിച്ചെങ്കിലും പദ്ധതി ഏറ്റെടുക്കുന്നതിന് കെ.എസ്.ഇ.ബിക്കുള്ള അനുമതി പിൻവലിക്കുകയാണ് ചെയ്തത്.
2026 ഏപ്രിൽ 29ന് പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചെങ്കിലും കമ്പനി ജീവനക്കാർ തടസ്സം സൃഷ്ടിക്കുകയും കമ്പനി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.
വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമവകുപ്പ് സെക്രട്ടറി കൺവീനറും വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഊർജ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായി 2026 മേയ് രണ്ടിന് സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

