Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിലെ അരവണ പ്രതിസന്ധി; ആശങ്കയിൽ സർക്കാർ, മറികടക്കാൻ ദേവസ്വം ബോർഡ്

text_fields
bookmark_border
ശബരിമലയിലെ അരവണ പ്രതിസന്ധി; ആശങ്കയിൽ സർക്കാർ, മറികടക്കാൻ ദേവസ്വം ബോർഡ്
cancel

തിരുവനന്തപുരം: ശബരിമലയിയിലെ അരവണ പ്രതിസന്ധിയിൽ ആശങ്ക ഒഴിയാതെ സർക്കാറും വകുപ്പ് മന്ത്രിയും. പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമവുമായി തിരുവിതാംകൂർ ദേവസ്വംബോർഡും. ശബരിമലയിൽ കൈക്കൊണ്ട നടപടികളിലും അപ്പം, അരവണ പ്രതിസന്ധിയിലും തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും മുന്നൊരുക്കങ്ങളിൽ സർക്കാറിന് അത്ര തൃപ്തിയില്ലെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയത്.

എന്നാൽ സീസൺ ആരംഭിക്കാനിരിക്കെ ദേവസ്വം ബോർഡ് പിരിച്ചുവിടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുകയാണ്. പക്ഷെ ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഹൈകോടതിയുടെ അനുമതിയോടെ പുതിയ ടീമിനെ വച്ച് ഉൽസവം നടത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നാണ് വകുപ്പ് മന്ത്രി ആവർത്തിക്കുന്നത്. അതിനിടെ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ മുഖ്യമന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങളോട് തുടരണമെന്നാണ് സർക്കാറും താനും അയ്യപ്പനും ഉദ്ദേശിക്കുന്നതെന്നായിരുന്നു തുടർന്ന് ജയകുമാറിന്‍റെ പ്രതികരണം. എന്നാൽ പ്രസിഡന്‍റിന്‍റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ദേവസ്വം മന്ത്രി തയാറായിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ബോർഡുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു.

അതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ തുലാമാസ പൂജക്ക് നടതുറക്കുമ്പോൾ മുഖ്യമന്ത്രി ശബരിമലയിൽ നേരിട്ട് എത്തും. അവിടെ അദ്ദേഹം യോഗം ചേരുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ കന്നിമാസ പൂജക്ക് നടതുറന്നപ്പോൾ എത്തിയ ഭക്തർക്ക് അരവണ നൽകാനാകാത്തത് ബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് സർക്കാർ കാണുന്നത്.

അതിനിടെ അരവണക്ഷാമം മറികടക്കാൻ അരവണ നിർമാണ പ്ലാന്‍റ് ഭാഗികമായെങ്കിലും പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം ആരംഭിച്ചിട്ടുണ്ട്. അരവണ തയാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാനാണ് നീക്കം. ഒക്ടോബർ ഏഴിന് മുമ്പ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം. നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്‍റിലുള്ളത്.

വരുന്ന തുലാമാസ പൂജക്ക് നടതുറക്കുമ്പോൾ അരവണ പ്രതിസന്ധി മറികടക്കുകയാണ് ബോർഡിന്‍റെ ശ്രമത്തിന് പിന്നിൽ. ശബരിമല സ്പെഷൽ കമീഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. നിലവിലെ അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് ആശങ്ക. അരവണ വിഷയം ഇങ്ങനെ നീണ്ടാൽ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പൊലീസും നൽകുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ എത്തുമ്പോൾ അവർക്ക് പ്രസാദം നൽകാനായില്ലെങ്കിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മണ്ഡലകാലത്തും ഈ പ്രതിസന്ധിയുണ്ടാകുമോയെന്ന ആശങ്ക മന്ത്രിയുടെ വാക്കുകളിലുമുണ്ട്. പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കക്ക് കാരണം. അരവണ പ്ലാന്‍റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാലെ കരുതൽ ശേഖരം ഉറപ്പാക്കാനാകൂ. 70 ലക്ഷം അരവണ സീസൺ കാലത്ത് ഉറപ്പാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗ തീരുമാനം.

ദേവസ്വം ബോര്‍ഡിനെ മാറ്റാന്‍ ഒരു നീക്കവുമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സീസണിന്‍റെ തയാറെടുപ്പുകള്‍ നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിനെ മാറ്റാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള ഒരു ബോര്‍ഡ് അവിടെയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചുമതല അവര്‍ക്കാണ്.

പ്രസാദ വിതരണം, അതിനുവേണ്ടി ടെണ്ടര്‍ വിളിക്കുക, സന്നിധാനവും പമ്പയുമൊക്കെ സജ്ജമാക്കുക, പൊലീസിനും ഫയര്‍ഫോഴ്‌സിനും സൗകര്യങ്ങളൊരുക്കുക, ദേവസ്വം മരാമത്തിന്‍റെ ജോലികള്‍ ചെയ്യിക്കുക തുടങ്ങിയ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ദേവസ്വം ബോര്‍ഡിനുണ്ട്. അവ ഓരോന്നും പ്രത്യേകമായി എടുത്ത് ചര്‍ച്ച നടത്തിയിട്ടുണ്ട്. സർക്കാറിന്‍റെ ഭാഗത്തുനിന്ന് വേണ്ടതല്ലാം കൃത്യമായി ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാറും തമ്മില്‍ തര്‍ക്കങ്ങളില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ യോഗം ചേര്‍ന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി ചെയ്യേണ്ട ചില കാര്യങ്ങളില്‍ ചെറിയൊരു കാലതാമസം വന്നിട്ടുണ്ട്. ശബരിമല സീസണ്‍ വരാന്‍ പോകുന്ന സമയത്ത് ദേവസ്വവും സര്‍ക്കാറും തമ്മില്‍ തര്‍ക്കത്തിനൊന്നും പോകില്ല. ചിലകാര്യങ്ങളില്‍ ഇടനിലക്കാരുണ്ട്. അവരൊക്കെകൂടി ചില കളികള്‍ നടത്തുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aravana crisis in Sabarimala
Next Story