എയ്ഡഡ് അധ്യാപക നിയമനം ഭിന്നശേഷി റാങ്ക് ലിസ്റ്റ് നീട്ടിയതായി സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് തയാറാക്കിയ, ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 മേയ് 31 വരെ നീട്ടിയതായി സർക്കാർ ഹൈകോടതിയിൽ അറിയിച്ചു.
മലപ്പുറം ജില്ലയിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് സമന്വയ പോർട്ടലിൽ പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫയൽ ചെയ്ത ഹരജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സമന്വയ പോർട്ടലിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹരജി ജനുവരി 27ന് പരിഗണിക്കാൻ മാറ്റി.
ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ ഇവർക്കായി നീക്കിവെച്ച തസ്തികയിലേയ്ക്ക് നിയമനം നടത്താനാകുന്നില്ലെന്നും അതിനാൽ മറ്റ് നിയമനങ്ങൾക്കും അംഗീകാരം വൈകുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നശേഷി സംവരണ നിയമപ്രകാരം നിശ്ചിത ശതമാനം തസ്തികകൾ നീക്കിവെക്കേണ്ടതുണ്ട്. ഇതിനായി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല സമിതികളോട് റാങ്ക് ലിസ്റ്റ് തയാറാക്കാൻ നിർദേശിച്ചത്. ഇതിന്റെ കാലാവധി ഡിസംബർ 31 വരെ ആയതിനാൽ കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

