Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിന്‍റെ മകനെതിരെ നിലപാട് കടുപ്പിച്ച് സർക്കാറും സി.പി.എം അനുകൂല സംഘടനയും

text_fields
bookmark_border
വി.എസിന്‍റെ മകനെതിരെ നിലപാട് കടുപ്പിച്ച് സർക്കാറും സി.പി.എം അനുകൂല സംഘടനയും
cancel

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകനും ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുമായ വി.എ. അരുണ്‍കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാറും സി.പി.എം അനുകൂല സംഘടനയും. അരുണ്‍കുമാർ പുറത്തിറക്കിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എച്ച്.ആർ.ഡിയിലെ സി.പി.എം അനുകൂല സംഘടന പ്രത്യക്ഷസമരം ആരംഭിച്ചു. ഐ.എച്ച്.ആർ.ഡിയിൽനിന്ന് ഡെപ്യൂട്ടേഷനില്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഡീനായ ഡോ. വിനു തോമസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ അരുണ്‍കുമാര്‍ പങ്കാളിയായെന്നാരോപിച്ചാണ് ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂനിയന്‍ പ്രതിഷേധത്തിലുള്ളത്.

ഡോ. വിനു തോമസിനെ പ്രൊഫസര്‍ പദവിയില്‍നിന്ന് അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയ അരുണ്‍കുമാറിന്‍റെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് റദ്ദാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. ഈ നടപടിയെത്തുടർന്ന് കെ.ടി.യു ഡീനും പരീക്ഷ കണ്‍ട്രോളറുമായ വിനു തോമസിനെ തൽസ്ഥാനത്തുനിന്ന് നീക്കി മാതൃസ്ഥാപനമായ ഐ.എച്ച്.ആർ.ഡിയിലേക്ക് തിരിച്ചയക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് ഉത്തരവിറക്കി. ഇതിനു തൊട്ടുപിന്നാലെയാണ് തരംതാഴ്ത്തൽ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്.

വിനു തോമസിനെ നിലവിലെ സ്ഥാനങ്ങളില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി കെ.ടി.യു വി.സിയോട് ആവശ്യപ്പെട്ടു. എന്നാല്‍, വിടുതല്‍ ചെയ്തയാളെ തിരികെ പ്രവേശിപ്പിക്കാന്‍ സര്‍വകലാശാല നിയമം അനുവദിക്കുന്നില്ല. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ സ്ഥിരം ഡയറക്ടറായി നിയമിക്കാൻ നീക്കം നടന്നപ്പോള്‍ വിനു തോമസ് കോടതിയെ സമീപിച്ചതിന്‍റെ വിരോധമാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.

എന്നാൽ 2023 മുതല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിനു തോമസിനെതിരെ പരാതികളുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തനിക്കെതിരായ ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് വിനു തോമസ് സര്‍ക്കാറിനെയും ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നതിനെതിരെ പോരാടുന്നതില്‍ മുന്നില്‍നിന്ന വിനു സംഘ്പരിവാറിന്‍റെ കണ്ണിലെ കരടാണ്. അദ്ദേഹത്തെ കെ.ടി.യുവിൽനിന്ന് പുറത്താക്കാന്‍ അരുണ്‍കുമാര്‍ ഒത്താശ ചെയ്യുന്നെന്നാണ് ഭരണാനുകൂല സംഘടനയുടെ ആക്ഷേപം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government and CPM-aligned organization toughen stance against V.S.'s son
Next Story