പി.എസ്.സി പരീക്ഷ ക്രമക്കേട്; സർക്കാറും അന്വേഷണത്തിന്
text_fieldsതിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അർപ്പിക്കുന്ന വിശ്വാസ്യതക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന രീതിയിൽ പി.എസ്.സിയിലെ നിയമന ക്രമക്കേടിന്‍റെ കഥകൾ പുറത്തുവരുന്നതിൽ സർക്കാറും അന്വേഷണത്തിന്. പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസിന്‍റെ അന്വേഷണം ക്രമക്കേടിന്‍റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനെയോ വിജിലൻസിനെയോ കൊണ്ട് അന്വേഷിപ്പിണമെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങുന്നത്. അന്വേഷണ സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടിയതായാണ് വിവരം. മന്ത്രിസഭയിൽ വിഷയം കൊണ്ടുവന്നശേഷം തീരുമാനമെടുക്കാനാണ് ആലോചന. പി.എസ്.സിയിലെ നിയമന ക്രമക്കേട് സംബന്ധിച്ച് ഒട്ടേറെ പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചു. മുൻ സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പി.എസ്.സിയെ ദുരുപയോഗം ചെയ്തെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേട് തെളിവുസഹിതം പുറത്തുവന്നതോടെയാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെയെല്ലാം ചോദ്യംചെയ്യാനും രേഖകൾ പരിശോധിക്കാനും ആഭ്യന്തര വിജിലൻസിന് പി.എസ്.സി ചെയർമാന്‍റെ അനുമതി ആവശ്യമാണ്. പരിമിത അധികാരമുള്ള ആഭ്യന്തര വിജിലൻസിന്‍റെ അന്വേഷണത്തിലൂടെ ക്രമക്കേടിന്‍റെ പൂർണ ചിത്രം പുറത്തുവരില്ലെന്നാണ് സർക്കാർ കരുതുന്നത്. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം ജെ.എസ്. അഖിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.
യോഗ്യതയിലും ക്രമക്കേട്
ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേടുകൂടി പുറത്ത്. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നതിലാണ് അസാധാരണ നടപടികൾ. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കി. 80 ഉദ്യോഗാർഥികളിൽ 79 പേരെയും അയോഗ്യരാക്കി. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധികരിച്ചത്. സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് കുറഞ്ഞ യോഗ്യതയായ ഡിപ്ലോമ വേണമെന്ന് പറയുന്നത് പിഴവാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
2019ലും അട്ടിമറി
ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി നിയമനങ്ങളില്‍ 2019ലും അട്ടിമറി നടന്നതായി ഉദ്യോഗാര്‍ഥിയുടെ വെളിപ്പെടുത്തൽ. എഴുത്തുപരീക്ഷയില്‍ പിന്നിലായ കെ.ജി.ഒ.എ നേതാവിനും ആസൂത്രണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്‌തെന്നും ആരോപിക്കുന്നു. ചീഫ് സോഷ്യല്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ദലിത് യുവതിയെ അഭിമുഖത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നല്‍കി പി.എസ്.സി പുറത്താക്കി. പണമടച്ച് ഏഴ് വര്‍ഷമായിട്ടും ഉത്തരക്കടലാസുകള്‍ പി.എസ്.സി നല്‍കിയില്ലെന്ന് ചീഫ് സോഷ്യല്‍ സര്‍വിസ് റാങ്ക് ലിസ്റ്റിൽനിന്ന് പുറത്തായ ഉദ്യോഗാർഥി സൗമ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

