ഭരണം സുഗമമാവും; മലബാറിലെ ക്ഷേത്രങ്ങൾ ക്ലസ്റ്ററുകൾക്കു കീഴിലേക്ക്
text_fieldsപയ്യന്നൂർ: മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളുടെ ഭരണം ഇനി ക്ലസ്റ്ററുകൾക്കു കീഴിൽ. ക്ഷേത്രഭരണ സൗകര്യാർഥമാണ് പാലക്കാടു മുതൽ കാസർകോടു വരെയുള്ള ജില്ലകളിലെ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ നിലവിൽ വന്നത്. 1300ലധികം വരുന്ന ക്ഷേത്രങ്ങൾക്കായി 67 ഗ്രൂപ്പുകളടങ്ങുന്ന ക്ലസ്റ്ററുകളാണ് രൂപവത്കരിച്ചത്. ക്ഷേത്രങ്ങളുടെ ഭരണം സുഗമവും കാര്യക്ഷമവുമാക്കുന്നതിനാണ് ക്ലസ്റ്ററുകൾ രൂപവത്കരിച്ചതെന്ന് ഇതുസംബന്ധിച്ച കമീഷണറുടെ ഉത്തരവിൽ പറയുന്നു.
പുതിയ ഗ്രൂപ് ക്ഷേത്രങ്ങൾ വന്നതോടെ നിലവിലുള്ള എല്ലാ എക്സിക്യൂട്ടിവ് ഓഫിസർമാർക്കും സ്ഥലംമാറ്റമുണ്ടാവും. ഒരു എക്സിക്യൂട്ടിവ് ഓഫിസർക്കായിരിക്കും ഒരു ക്ലസ്റ്ററിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ ചുമതല. എട്ടുവരെ ക്ഷേത്രങ്ങളുള്ള ക്ലസ്റ്ററുകളുണ്ട്. വരുമാനമുള്ള ഒരു ക്ഷേത്രമായിരിക്കും ഗ്രൂപ്പിന്റെ കേന്ദ്രം. ഇവിടെ നിന്നായിരിക്കും എക്സിക്യൂട്ടിവ് ഓഫിസർക്ക് ശമ്പളം നൽകുക. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളാണെങ്കിൽ 50 ശതമാനം വീതം രണ്ടു ക്ഷേത്രങ്ങളിൽനിന്ന് കൈപ്പറ്റാനും നിർദേശമുണ്ട്.
നേരത്തേ ഗ്രൂപ്പുകൾക്കു പകരം അതത് ഏരിയകളിലെ അസി. കമീഷണർമാരാണ് ഓഫിസർമാർക്ക് ക്ഷേത്രങ്ങളുടെ ചുമതല നൽകിവന്നത്. ഇനി മുതൽ ക്ലസ്റ്ററിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ ഭരണ ചുമതല മാത്രമായിരിക്കും എക്സിക്യൂട്ടിവ് ഓഫിസർമാർ നിർവഹിക്കുക. ക്ഷേത്ര ഭരണങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വം ബോർഡ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര സ്പെഷൽ, എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡുകളായി തിരിച്ചിരുന്നു. ഇതിനു പകരം ഒന്നു മുതൽ നാലുവരെ നമ്പറുകളിലായിരിക്കും ഇനി ക്ഷേത്രങ്ങൾ അറിയപ്പെടുക.
അതേസമയം, ജീവനക്കാരുടെ ശമ്പള പരിഷ്കരണ ബിൽ ഇപ്പോഴും ഇഴയുകയാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും നൽകുന്ന ശമ്പളം തന്നെ പ്രതിമാസം നൽകാൻ സാധിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

