ഭരണം, വികസനം; പുതിയ കാഴ്ചപ്പാടുമായി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: വികസന കാഴ്ചപ്പാടിലും മൂലധന സംരംഭങ്ങളിലും വ്യവസ്ഥാപിത കാഴ്ചപ്പാടുകൾക്കപ്പുറം യാത്ര ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം സർക്കാറിൽ ബാക്കിയായ വികസനപദ്ധതികളും മൂലധന നിക്ഷേപവും പൂർത്തീകരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. മന്ത്രിസഭാ രൂപവത്കരണവും വകുപ്പ് വിഭജനവും മുതൽ പേഴ്സനൽ സ്റ്റാഫ് നിയമനം വരെയുള്ള നടപടികളിൽ വ്യക്തമാകുന്നത് ഇതാണ്.
28 വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിന് പുറമെ പ്രാധാന്യമുള്ള എല്ലാ നയപരമായ കാര്യവും മുഖ്യമന്ത്രിയുടെ കീഴിൽ കൊണ്ടുവന്നു കഴിഞ്ഞു. 2016 ൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇത്. മന്ത്രിസഭയാണ് ഇതുവരെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, ക്ഷേമ പദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകുന്നതിനൊപ്പം ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട വികസന പദ്ധതികൾക്ക് ധന മൂലധന നിക്ഷേപം സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സർക്കാറിൽ എല്ലാ വകുപ്പുകൾക്കും മുകളിൽ വികസന പദ്ധതികൾക്കുള്ള ധനവിഹിതം അനുവദിച്ചതുവഴി സൂപ്പർ ധനവകുപ്പായ കിഫ്ബി സി.ഇ.ഒയെ തെൻറ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകകൂടി ചെയ്തിരിക്കുകയാണ്. കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണ ഇടപെടലും വിവാദവും കണക്കിലെടുത്ത് താരതമ്യേന ഭരണപരിചയം കുറവായ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സഹായിക്കാനാണ് ഇൗ നിയമനമെന്നാണ് വിശദീകരണം.
ചൈനയെ അതിദ്രുത വികസനപാതയിൽ എത്തിച്ച ഡെങ് സിയാവോ പെങ്ങിെൻറ 'പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിക്കുക' എന്ന നയരേഖയാണ് അധികാരത്തിലും ഭരണത്തിലും പിണറായി വിജയൻ പിന്തുടരുന്നതെന്നാണ് വിലയിരുത്തൽ. കെ ഫോൺ പദ്ധതി, ഗ്യാസ് പൈപ്പ് ലൈൻ, സിൽവർ ലൈൻ പദ്ധതി, വ്യവസായ ഇടനാഴി, ശബരിപാത തുടങ്ങിയ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തീകരിക്കേണ്ടതും നടപ്പാക്കേണ്ടതുമുണ്ട്. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തി സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് എൽ.ഡി.എഫിെൻറ പ്രകടനപത്രികയിലെ വാഗ്ദാനം. അഞ്ചുവര്‍ഷം കൊണ്ട് വ്യവസായമേഖലയില്‍ 10,000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കുമെന്നും ഐ.ടി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പും മുഖ്യമന്ത്രിക്ക് കീഴിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

